കേളകം: കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണം അതിതീവ്ര മഴയെന്ന് കുസാറ്റ് പഠന റിപ്പോർട്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ മഴ പെയ്തതാണ് കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണമെന്ന് കുസാറ്റ് പഠന റിപ്പോർട്ട്. ഭീകരമായ ഉരുൾപൊട്ടലുണ്ടായതിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണം എന്നാവശ്യപ്പെട്ട് കണിച്ചാർ പഞ്ചായത്ത് അംഗം ജിമ്മി എബ്രഹാം നിവേദനം നൽകിയിരുന്നു.
തുടർന്ന് കുസാറ്റിലെ അഡ്വാൻസ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച് ഡയറക്ടർ ഡോ. എസ്. അഭിലാഷ്, ഔട്ട് റീച്ച് ഫോർകാസ്റ്റിങ് പ്രോജക്ട് മാനേജർ ഡോ. കെ.കെ. ബൈജു, റഡാർ റിസർച് സെന്ററിലെ ഡോ. പി. വിജയകുമാർ, നിസ്റ്റ് മറൈൻ ജിയോളജി ആൻഡ് ജിയോ ഫിസിക്സ് അസി. പ്രഫസർ ഡോ. പി. അജയ് കുമാർ എന്നിവരാണ് പ്രാഥമിക സ്ഥലപരിശോധനയും പഠനവും നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
അതിതീവ്ര മഴയോ മേഘവിസ്ഫോടനമോ താങ്ങാനുള്ള കഴിവ് പശ്ചിമഘട്ടത്തിനില്ല. സാധാരണ മഴയുടെ അളവിനേക്കാൾ 30 ശതമാനത്തോളം അധികം മഴയാണ് ഇവിടെ ലഭിച്ചത്. ഉരുൾപൊട്ടലിന് മുമ്പുള്ള 25 ദിവസങ്ങളിൽ പ്രദേശത്ത് മണ്ണ്, ജല ആഗിരണ ശേഷിയുടെ പരമാവധിയിൽ എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി പെട്ടെന്ന് 60 മില്ലിമീറ്റർ വരെ മഴപെയ്തപ്പോൾ ഉരുൾപൊട്ടലുകൾ ഉണ്ടായി -റിപ്പോർട്ടിൽ പറയുന്നു.
പ്രാദേശികമായ ദുരന്തമുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തണം തുടങ്ങി നിരവധി പരിഹാരങ്ങൾ നിർദേശിച്ചിട്ടുണ്ട്. ക്വാറികൾക്ക് സമീപത്ത് ഉരുൾപൊട്ടലുകൾ ഉണ്ടായ സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.