വൃക്ക വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്നു: രോഗികൾ പെരുവഴിയിൽ

പി. മനൂപ്

കണ്ണൂർ: ജില്ലയിലും പുറത്തും ഉൾപ്പെടെ വൃക്ക സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടുന്നത് തുടരുമ്പോഴും അന്വേഷണം എങ്ങുമെത്തുന്നില്ല. ഇതോടെ പെരുവഴിയിലാവുന്നത് വൃക്ക രോഗികളും കുടുംബാംഗങ്ങളും. വൃക്ക ആവശ്യമുണ്ടെന്ന രീതിയില്‍ പത്രങ്ങളിലും ഓണ്‍ലൈനിലും വരുന്ന പരസ്യങ്ങളും മറ്റും കണ്ടാണ് തട്ടിപ്പുസംഘം ആവശ്യക്കാരെ കുടുക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ചികിത്സാ കമ്മിറ്റിയുടേതായ പത്രവാര്‍ത്തകൾ നോക്കിയും ആളുകളെ തട്ടിപ്പ് സംഘം ബന്ധപ്പെടുന്നുണ്ട്. ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടും വൃക്ക നൽകാൻ ആളുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ വൻ തുക വാങ്ങിയിട്ടുണ്ട്.

ഫോണ്‍ ചെയ്തും വാട്‌സ്ആപ്പില്‍ സന്ദേശമയച്ചുമാണ് തങ്ങളുടെ കസ്റ്റഡിയില്‍ കിഡ്‌നി ഡോണര്‍ ഉണ്ടെന്ന് വിശ്വസിപ്പിക്കുക. ഒരു ലക്ഷം രൂപ മുതല്‍ അഞ്ചും പത്തും ലക്ഷം രൂപവരെ പലരില്‍ നിന്നായി തട്ടിപ്പ് സംഘം കൈക്കലാക്കിയിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. 40-50 ലക്ഷവും അതിന് മുകളിലും തുക വേണമെന്നും ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് ലക്ഷം നൽകണമെന്നുമാണ് ഇവർ പറയുന്നത്. പിന്നീട് പരിശോധന നടത്തുന്നുണ്ടെന്നും രണ്ടാം ഗഡു തുക വേണമെന്നും പറഞ്ഞാണ് അടുത്ത തുക തട്ടിയെടുക്കുന്നത്. കണ്ണൂർ, മലപ്പുറം ജില്ലകളിലായി നിരവധി പരാതികൾ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം എത്തിയിട്ടുണ്ട്.

വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കഴിഞ്ഞ ജനു വരിയിൽ ആറളം കീഴ്പ്പള്ളി വീര്‍പ്പാട് വേങ്ങശേരി ഹൗസില്‍ വി.എം. നൗഫലിനെ (32)അന്നത്തെ ആറളം എസ്.ഐ കെ. ഷുഹൈബ് അറസ്റ്റ് ചെയ്തിരുന്നു. ഇരിക്കൂർ ആയിപ്പുഴയിലെ ഫാത്തിമ മന്‍സിലില്‍ ഷാനിഫിന്റെ (30) പരാതിയിലാണ് കേസെടുത്ത് നൗഫലിനെ അറസ്റ്റ് ചെയ്തത്. ഷാനിഫിന്റെ വൃക്ക മാറ്റിവെക്കുന്നതിന് ഡോണറെ സംഘടിപ്പിച്ചുനല്‍കാമെന്നുപറഞ്ഞ് 2024 ഡിസംബര്‍ എട്ട് മുതല്‍ 2025 ഒക്‌ടോബര്‍ 18 വരെയുള്ള കാലയളവില്‍ ആറ് ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ഇയാളെ കൂടാതെ രണ്ടുപേര്‍ കൂടി ഇതേ തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നു. മലപ്പുറം തിരൂര്‍ അനന്താവൂരിലെ സി. നബീല്‍ അഹമ്മദില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി. സുലൈമാനില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും കണ്ണൂർ പഴയങ്ങാടി എം.കെ ഹൗസില്‍ എം.കെ. ഇബ്രാഹിമില്‍ നിന്ന് 1.75 ലക്ഷം രൂപയും പാപ്പിനിശേരി മടക്കരയിലെ ഷുക്കൂര്‍ മടക്കരയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും സംഘം തട്ടിയെടുത്തതായി തെളിഞ്ഞിരുന്നു. നൗഫല്‍ പിടിയിലായതോടെ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംഘവും മറ്റൊരു സംഘവും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കണ്ണൂർ ചെറുതാഴം ഏഴിലോടെ വാഴവളപ്പില്‍ മൊട്ടമ്മല്‍ ഷഫീഖിന് വൃക്ക വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പരിയാരം പൊലീസ് സ്റ്റേഷനിലും കേസെടുത്തിരുന്നു. എന്നാൽ, തുടരന്വേഷണം ഉണ്ടായില്ല. വൃക്കരോഗം കാരണം ദുരിതക്കയത്തിലായ നിരവധി പേർ ജനകീയ കമ്മിറ്റികളുടെയും മറ്റും കാരുണ്യത്തിൽ ജീവിതത്തിലേക്ക് തിരികെയെത്താൻ പാടുപെടുന്നതിനിടെയാണ് തട്ടിപ്പു സംഘം നിലവിലും വ്യാപകമായി രോഗികളെയും കുടുംബങ്ങളെയും ലക്ഷങ്ങൾ തട്ടി വഞ്ചിക്കുന്നത്. നിലവിൽ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് വൃക്ക രോഗികളുടെ വിവര ശേഖരണം നടത്തിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്നാണ് വിവരം. കടം വാങ്ങിയും മറ്റും പണം നൽകിയിട്ടും വൃക്ക ലഭിക്കാതായവർ ദുരിതക്കയത്തിലായതോടെയാണ് പരാതിയുമായി രംഗത്തു വരുന്നത്. ഉടൻ ശരിയാകുമെന്ന് പറഞ്ഞ് മാസങ്ങളോളം നീട്ടിക്കൊണ്ടുപോയ ശേഷം പിന്നീട് ഫോൺ ഓഫാക്കി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ രീതി. കർശനമായ തുടരന്വേഷണമില്ലാത്തതാണ് തട്ടിപ്പു സംഘങ്ങൾക്ക് സഹായകമാവുന്നത്.

Tags:    
News Summary - Lakhs Swindled by Promising Kidneys: Patients Left Stranded on the Streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.