തലശ്ശേരി: ദേശീയപതാക ശേഖരിക്കാൻ കുടുംബശ്രീ അംഗങ്ങളുടെ നെട്ടോട്ടം. ആഗസ്റ്റ് 13 മുതൽ 15വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക പ്രദർശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കുടുംബശ്രീ അംഗങ്ങൾ പതാക ശേഖരിക്കാനായി ഓടിനടക്കുന്നത്. ദേശീയപതാക വീടുകളിൽ എത്തിക്കാനുള്ള ചുമതല പലയിടത്തും കുടുംബശ്രീ യൂനിറ്റുകൾക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയിട്ടുള്ളത്. ഓരോ സ്ഥലങ്ങളിലെയും വീടുകളുടെ എണ്ണമനുസരിച്ച് പതാക ശേഖരിക്കുന്നത് കൂടുതൽ ശ്രമകരമായ ജോലിയാണ്. ദേശീയ പതാക ഓർഡറനുസരിച്ച് ഒരിടത്തുനിന്നുതന്നെ ലഭിക്കുന്നില്ലെന്നതാണ് കുടുംബശ്രീക്കാരെ അലട്ടുന്നത്. ദേശീയപതാക ഉയർത്താനുള്ള സമയം രണ്ടാഴ്ചയിലേറെയുണ്ടെങ്കിലും കുറഞ്ഞ നിരക്കിലുള്ള പതാക ഒരിടത്തും ഒന്നിച്ചുകിട്ടാനില്ല. ത്രിവർണ നിറങ്ങളിലുള്ള തുണി വാങ്ങി തയ്ക്കാമെന്നുവെച്ചാൽ അതും കിട്ടാത്ത അവസ്ഥയാണ്. കോയമ്പത്തൂർ, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലെ നഗരങ്ങളിലേക്ക് വിൽപനക്കായുള്ള ദേശീയപതാക എത്തിയിരുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി വിൽപനക്കായുള്ള ദേശീയ പതാകകൾ വ്യാപാരികൾ കൂടുതലായി വരുത്തിയിരുന്നില്ല. ഇപ്പോൾ ഓർഡർ നൽകാനായി കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ എത്തുന്നുണ്ടെങ്കിലും പതാകയോ തുണിയോ നൽകാൻ സാധിക്കുന്നില്ലെന്ന് തലശ്ശേരിയിലെ വ്യാപാരി ഇ.കെ. ജലാലു പറഞ്ഞു.
കോട്ടൻ, പോളിസ്റ്റർ തുണികളിൽ 20 രൂപ മുതൽ 300 രൂപ വരെ വ്യത്യസ്ത വലുപ്പത്തിലുള്ള ദേശീയപതാകകൾ വിൽപനക്കായി തയാറാക്കുന്നുണ്ട്. എന്നാൽ, റോട്ടോ മെറ്റീരിയലിൽ തയാറാക്കുന്ന ചെറിയനിരക്കിലുള്ള പതാകകൾ ശേഖരിക്കാനാണ് കുടുംബശ്രീ അംഗങ്ങൾ ശ്രമിക്കുന്നത്. ഇത് 30 രൂപ നിരക്കിൽ വീട്ടുകാർക്ക് കൈമാറാം. വലിയ നിരക്കിലുള്ള പതാക ഇടത്തരം കുടുംബങ്ങളിൽ എത്തിക്കാനാവില്ലെന്നാണ് കുടുംബശ്രീ അംഗങ്ങൾ പറയുന്നത്. പുതിയ ഭേദഗതിയനുസരിച്ച് കോട്ടൻ, പോളിസ്റ്റർ, ഖാദി, സിൽക്ക് ഖാദി, കമ്പിളി എന്നിവയിൽ നിർമിച്ച പതാകകൾ ഉയർത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.