കണ്ണൂർ: രാത്രിസമയങ്ങളിൽ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെത്തുന്ന യാത്രക്കാരും കടകളിലേക്ക് വരുന്നവരും സൂക്ഷിക്കുക. പ്രവേശനകവാടത്തിലെ റോഡിനു കുറുകെയുള്ള കോൺക്രീറ്റ് സ്ലാബുകൾ തകർന്നിട്ട് ആഴ്ചകളായി. ഏതുസമയവും യാത്രക്കാരും വാഹനങ്ങളും തോട്ടിലേക്ക് പതിയാം. കണ്ണൂർ നഗരത്തിലെ കെ.എസ്.ആർ.ടി.സിയിലേക്കുള്ള പ്രധാനകവാടത്തിലെ റോഡിലെ സ്ലാബുകളാണ് ആഴ്ചകൾക്കു മുന്നേ പൊട്ടിവീണത്. കനത്ത മഴയിൽ നിലംപതിക്കുകയായിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ബസ് ഞെരുങ്ങിയാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്.
രാത്രി സമയങ്ങളിൽ ശ്രദ്ധയൊന്നു മാറിയാൽ ഓടയിലേക്ക് മറിയുമെന്ന് ഉറപ്പ്. സ്റ്റാൻഡിലേക്കുള്ള യാത്രക്കാരെ കൂടാതെ നിരവധി വാഹനങ്ങൾ സമീപത്തെ കടകളിലേക്കും ഹോട്ടലുകളിലേക്കും വരാറുണ്ട്. സ്ലാബുകൾ തകർന്നതോടെ ഇതും മുടങ്ങി. ഇതിനു സമീപത്തായി കാൽടെക്സിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. ജില്ലയിലെ വിവിധയിടങ്ങളിലേക്കുള്ള ബസുകൾ ഇതുവഴിയാണ് പോവുന്നത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ സ്ലാബുകൾ തകർന്നതോടെ ദുരിതത്തിലായിരിക്കുകയാണ്.
പുതിയ സ്ലാബുകൾ നിർമിക്കാൻ ദേശീയപാത അധികൃതരാണ് ഇടപെടേണ്ടത്. എന്നാൽ, കെ.എസ്.ആർ.ടി.സി അധികൃതർ രേഖാമൂലം പരാതി നൽകിയിട്ടു പോലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രവേശന കവാടത്തിനു ഇരുവശങ്ങളിലായി ബങ്കുകളും പ്രവർത്തിക്കുന്നുണ്ട്. സ്ലാബുകൾ തകർന്നതോടെ വാഹനങ്ങൾ അരികു ചേർന്ന് പോകുന്നതോടെ ഇവിടെയെത്തുന്നവർക്കും അപകടഭീഷണിയാണ്. അടിയന്തരമായി സ്ലാബുകൾ നിർമിച്ച് അപകടഭീതി ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻവശത്തെ റോഡിലെ ഓവുചാലിന്റെ സ്ലാബ് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.