പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും എ.എന്‍. ഷംസീർ എം.എൽ.എയും സ്‌കൂട്ടറോടിച്ച്​ എരഞ്ഞോളി പാലം ഉദ്ഘാടനം ചെയ്യുന്നു

ചുവന്ന സ്‌കൂട്ടറിൽ മന്ത്രി, മഞ്ഞ സ്​കൂട്ടറിൽ എം.എൽ.എ; കളർഫുളായി ​പാലം ഉദ്​ഘാടനം

തലശ്ശേരി: കര്‍ണാടക -കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൂട്ടുപുഴ പാലവും തലശ്ശേരി എരഞ്ഞോളി പാലവും നാടിന്​ സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും എ.എന്‍. ഷംസീർ എം.എൽ.എയും സ്‌കൂട്ടറോടിച്ചാണ്​ എരഞ്ഞോളി പാലം ഉദ്ഘാടനം ചെയ്​തത്​.  മന്ത്രി ചുവന്ന സ്‌കൂട്ടറിലും എം.എൽ.എ മഞ്ഞ സ്​കൂട്ടറിലുമാണ്​ എത്തിയത്​. 

കൂത്തുപറമ്പ്, ഇരിട്ടി, വയനാട് ഭാഗത്ത് നിന്നുള്ളവരെ തലശ്ശേരിയിലേക്ക് സ്വീകരിക്കുന്ന എരഞ്ഞോളി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ വർഷങ്ങളായി നിലനിന്ന യാത്ര ദുരിതത്തിനാണ്​ പരിഹാരമാകുന്നത്​.

കെ.എസ്.ടി.പി റോഡ് പദ്ധതിയിൽ ലോക ബാങ്ക് സഹായത്തോടെയാണ് എരഞ്ഞോളി പാലത്തിന് സമാന്തര പാലം നിർമാണം പൂർത്തിയാക്കിയത്. 94 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് പാലത്തിന്. ഇരുഭാഗത്തുമായി 570 മീറ്റർ അനുബന്ധ റോഡും നടപ്പാതയും സൗരോർജ വിളക്കുമുണ്ട്.

കുട്ടിമാക്കൂൽ ഭാഗത്ത് നിന്നും കൊളശ്ശേരിയിൽ നിന്നുമുള്ള വാഹനങ്ങൾക്ക് അടിപ്പാത വഴി സർവിസ് റോഡിലൂടെ മെയിൻ റോഡിൽ പ്രവേശിക്കാം. 12 മീറ്റർ വീതം നീളവും വീതിയുമുള്ള രണ്ട് അടിപ്പാതയും അനുബന്ധ റോഡും അടങ്ങുന്നതുമാണ് എരഞ്ഞോളി പാലം.


15.20 കോടി രൂപയാണ് പാലത്തിന് മാത്രം ചെലവ്. സ്ഥലമെടുപ്പിന് 20.66 കോടി രൂപയും ചിലവായി. അഹമ്മദാബാദിലെ ദിനേശ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്ര കോൺ ലിമിറ്റഡ് ആണ് കരാറുകാർ. എഗീസ് ഇന്ത്യ കൺസൾട്ടിങ്ങ് എഞ്ചിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു മേൽനോട്ട ചുമതല. പാലത്തിന്‍റെയും അനുബന്ധ റോഡിന്‍റെയും നിർമാണത്തിനായി തലശ്ശേരി - കൂത്തുപറമ്പ് പാതയിൽ കഴിഞ്ഞ അഞ്ച് മാസമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പേരാവൂര്‍ എം.എല്‍.എ അഡ്വ. സണ്ണി ജോസഫ്​, വീരാജ്പേട്ട എം.എല്‍.എ കെ.ജി ബൊപ്പയ്യ, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അഡ്വ. ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. രജനി, സുജ കുശലപ്പ എന്നിവരും പങ്കെടുത്തു. 

Tags:    
News Summary - Koottupuzha and Eranholi bridge inaugurated by Minister Muhammed Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.