ആറളം ഫാം എട്ടാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനകൾ
കേളകം: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള ആനയോടിക്കൽ രണ്ട് ദിവസത്തെ തീവ്രയജ്ഞത്തിൽ ഒമ്പത് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ദൗത്യത്തിന്റെ രണ്ടാം ദിവസം മൂന്ന് ആനകളെയാണ് വന്യ ജീവി സങ്കേതത്തിലേക്ക് കയറ്റി വിട്ടത്. ബുധനാഴ്ച ആറ് കാട്ടാനകളെയും വനത്തിലേക്ക് കയറ്റിയിരുന്നു.
കൂടാതെ പുനരധിവാസ മേഖലയോട് ചേർന്ന് വന്യജീവി സങ്കേതത്തിൽ സ്ഥാപിച്ച സോളാർ ഫെൻസിങ് ലൈനിൽ പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെ പരിശോധിക്കുകയും ലൈനുകൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിന്റെ നടപടിയും പുരോഗമിച്ചു വരുന്നതായി വനം അധികൃതർ അറിയിച്ചു. ആനയെ ഓടിക്കൽ ദൗത്യം വരുംദിവസങ്ങളിലും തുടരുന്നതാണ്. വ്യാഴാഴ്ച രാത്രി മൂന്ന് ടീമുകളായി രാത്രികാല പട്രോളിങ് നടത്തി.
റാപിഡ് റെസ്പോൺസ് ടീം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷൈനികുമാറിന്റെ നേതൃത്വത്തിൽ റൈഫിൾ, 12 ബോർഗൺ, വാക്കിടോക്കി തുടങ്ങിയ സന്നാഹത്തോടുകൂടി കണ്ണൂർ, ആറളം ഡിവിഷനുകളിൽ നിന്നുമുള്ള ജീവനക്കാരും വാച്ചർമാരും ഉൾപ്പെടെ 45 ഓളം ജീവനക്കാർ ആനയെ തുരത്തൽ ദൗത്യത്തിൽ പങ്കെടുത്തു. ആറളം പുനരധിവാസ മേഖലിയിലെ ആറ്, 10, 12, 13 ബ്ലോക്കുകളിലെ ആനകളെയാണ് ഹെലിപാഡ്, വട്ടക്കാട്, 18 ഏക്കർ, താളിപ്പാറ, കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. മേൽപ്പറഞ്ഞ ബ്ലോക്കുകളിൽ ആനയെ നിരീക്ഷിക്കുന്നതിന് ഡ്രോൺ സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.