കണ്ണൂർ: രാജ്യത്തുതന്നെ ആദ്യമായി ജല ബജറ്റ് തയാറാക്കുന്ന കോർപറേഷൻ എന്ന നേട്ടം ഇനി കണ്ണൂർ കോർപറേഷന്. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ തയാറാക്കിയ ജല ബജറ്റ് കണ്ണൂർ ദസറ വേദിയിൽ മേയർ മുസ്ലിഹ് മഠത്തിൽ പ്രകാശനം ചെയ്തു. ഒരു പ്രദേശത്തിന്റെ ജലലഭ്യതയും ജലവിനിയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന ആധികാരിക രേഖയാണ് ജല ബജറ്റ്. ശാസ്ത്രീയമായ രീതിശാസ്ത്രം ഉപയോഗിച്ച് ഓരോ പ്രദേശത്തിന്റെയും ജലലഭ്യതയും ആവശ്യകതയും കണ്ടെത്തും. അതിലൂടെ ജലമിച്ചമാണോ, കമ്മിയാണോ എന്ന് മനസ്സിലാക്കി ജലക്കമ്മിയുള്ള കാലത്തേക്ക് ജലമിച്ചമുള്ള സമയത്ത് ജലം സംഭരിച്ച് സംരക്ഷിച്ച് പ്രയോജനപ്പെടുത്തും. ജല മലിനീകരണവും ദുരുപയോഗവും തടയാനും ജലഗുണനിലവാരം ഉറപ്പു വരുത്താനുമുള്ള കർമപരിപാടി തയാറാക്കലാണ് ജലബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഹരിത കേരള മിഷൻ തദ്ദേശ സ്ഥാപനതലത്തിൽ തയാറാക്കുന്ന ജനകീയ ജലബജറ്റ് ഭാവി കേരളത്തിന്റെയും വരും തലമുറയുടേയും ജലസുരക്ഷ ഉറപ്പാക്കുന്ന നിർണായക രേഖയാണ്. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപറേഷൻ പരിധിയിലെ 55 വാർഡുകളിലെയും വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ടാണ് ഹരിത കേരള മിഷന്റെ സഹായത്തോടുകൂടി ജല ബജറ്റ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.