ഇരിട്ടി: ജില്ലയിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി മാറാനുള്ള ഭൗതിക പശ്ചാത്തലമുള്ള എടക്കാനം റിവർവ്യൂ പോയന്റ് ഇറിഗേഷൻ വകുപ്പിന്റെ കനിവിൽ വികസനത്തിനായി കാത്തിരിക്കുന്നു. ഇരിട്ടി പുഴയും അകംതുരുത്തി ദ്വീപും പുൽത്തകിടികളും ധാരാളം മരങ്ങളും ചെടികളും പടർന്ന് പന്തലിച്ച പഴശ്ശി പദ്ധതിയുടെ തീരങ്ങളും ഉൾപ്പെട്ട പത്തേക്കറിലാണ് ഇരിട്ടി നഗരസഭയുടെ ഭാഗമായ എടക്കാനം റിവർ വ്യൂ പോയന്റ്.
കോടമഞ്ഞിന്റെ പുതപ്പണിഞ്ഞ മട്ടിലാണ് ഈ പരിസരത്തെ പുഴയും പരിസരങ്ങളും. പ്രകൃതി നിരീക്ഷകർ ധാരാള മെത്തുന്ന സ്ഥലമാ ണിത്. ദേശാടന പക്ഷികൾ അടക്കം നിരവധിയിനം പക്ഷികളുടെ താവളമാണ് അകം തുരുത്തി. റിവർവ്യൂ പോയന്റ് വികസനത്തിന് ഇരിട്ടി നഗരസഭയും ഹരിത കേരള മിഷനും ജില്ല ശുചിത്വ മിഷനും ഡി.ടി.പി.സിയും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അതിവിപുലമായ ടൂറിസം പദ്ധതിക്കായി രൂപരേഖയുണ്ടാക്കി കഴിഞ്ഞ വർഷം സർക്കാറിലും ടൂറിസം വകുപ്പിലും സമർപ്പിച്ചു.
പഴശ്ശി പദ്ധതിയുടെ ഭാഗമായ ജലസേചന പദ്ധതി വിഭാഗത്തിന്റേതാണ് നിർദിഷ്ട വ്യൂ പോയന്റ് സ്ഥലം. പഴശ്ശി ജലസേചന വിഭാഗം അനുമതി നൽകിയാലേ പദ്ധതി നടപ്പാക്കാനാവൂ. മന്ത്രി റോഷി അഗസ്റ്റിൻ മുമ്പാകെയാണ് നഗരസഭ രൂപരേഖ സമർപ്പിച്ചത്. വിനോദ സഞ്ചാര മേഖലയാക്കി പദ്ധതി പ്രദേശത്തിന്റെ ഭാഗമായി പ്രകൃതി രമണീയമായ ഈ സ്ഥലംനടത്തിപ്പിനായി അനുമതിക്കുള്ള കാത്തിരിപ്പിലാണ് ഇരിട്ടി നഗരസഭ അധികൃതർ.
നിത്യേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന മേഖലയിൽ മാലിന്യം തള്ളൽ, പുഴയിൽ ഇറങ്ങിയുള്ള അപകടം എന്നിവ നാട്ടുകാർക്കും നഗരസഭയ്ക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നുണ്ട്. സുരക്ഷാ സംവിധാനമോ അടിസ്ഥാന സൗകര്യ വികസനമോ നടപ്പാക്കാൻ അനുമതിയില്ല. രണ്ടുപേർ ഇതിനകം മുങ്ങി മരിച്ചു. ഔദ്യോഗിക സംവിധാനത്തിന് കീഴിൽ വരാത്തിടത്തോളം ഇവിടേക്ക് എത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.