കണ്ണൂർ കോർപറേഷനിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു
കണ്ണൂർ: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ ഖരമാലിന്യ നീക്കത്തിൽ വൻ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിനു പിന്നാലെ കണ്ണൂർ കോർപറേഷൻ ഓഫിസിൽ വിജിലൻസ് പരിശോധന. വിജിലൻസ് കണ്ണൂർ യൂനിറ്റ് സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിജിലൻസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കെടുത്തു. കോർപറേഷൻ ഓഫിസിലെ എൻജിനീയറിങ്, റവന്യൂ, ആരോഗ്യ വിഭാഗം എന്നിവടങ്ങളിൽനിന്നുള്ള ഫയലുകളാണ് സംഘം പ്രധാനമായും പരിശോധിച്ചത്.
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലും സംഘം പരിശോധന നടത്തി. രാവിലെ 11ഓടെ തുടങ്ങിയ പരിശോധന വൈകീട്ട് നാലുവരെ തുടർന്നു. ട്രഞ്ചിങ് ഗ്രൗണ്ടിലെ ഖരമാലിന്യ ശേഖരം നീക്കം ചെയ്യുന്നതിൽ ക്രമക്കേടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചേലോറയിലെ സി.പി.എം പ്രതിനിധികൂടിയായ കൗൺസിലർ കെ. പ്രദീപൻ വിജിലൻസിനു പരാതിയും നൽകി.
മുൻ മേയർ ടി.ഒ. മോഹനന്റെ കാലത്ത് നടന്ന മാലിന്യനീക്ക കരാറിൽ വൻ അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം ജില്ല നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് വിജിലൻസ് സംഘം കോർപറേഷൻ ഓഫിസിലെത്തിയത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയിൽ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. രാഗേഷിന്റെ വീട്ടിലും കോർപറേഷൻ ഓഫിസിലും കഴിഞ്ഞയാഴ്ച വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു.
ചേലോറയിലെ മാലിന്യനീക്ക കരാറുമായി ബന്ധപ്പെട്ട് കോർപറേഷന് 1.77 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ട്രഞ്ചിങ് ഗ്രൗണ്ടിൽ പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനാണ് റോയൽ വെസ്റ്റേൺ പ്രൊജക്ടസുമായുണ്ടാക്കിയ കരാർ. നിശ്ചയിച്ചുറപ്പിച്ച മുഴുവൻ മാലിന്യവും നീക്കാതെ ഇല്ലാത്ത പ്രവൃത്തിക്കുകൂടി പണം കൈപ്പറ്റിയെന്നാണ് പരാതി. അന്നത്തെ മേയറും കരാർ കമ്പനിയും തമ്മിലുള്ള ഇടപാടിലൂടെയാണ് കോർപറേഷന് കോടികളുടെ അധിക ബാധ്യത വന്നതെന്നും ഇത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് വിജിലൻസിന് നൽകിയ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.