മർദനമേറ്റ്​ അബോധാവസ്ഥയിൽ വീർപാട് കോളനിയിലെ ശശിയെ ഇരിട്ടി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചപ്പോൾ 

ആറളത്ത്​ വോട്ടർമാരെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പിന്നിൽ സി.പി.എമ്മെന്ന്​ പരാതി

ഇരിട്ടി: ഉപതെരഞ്ഞെടുപ്പ്​ നടന്ന ആറളം പഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡിൽ രണ്ട്​ വോട്ടർമാരെ തട്ടിക്കൊണ്ടുപോയി മർദിച്ച്​ അവശരാക്കിയതായി പരാതി. വീർപ്പാട് കോളനിയിലെ ശശി (45), ബാബു (48) എന്നിവർക്കാണ്​ മർദനമേറ്റത്​. ഇതിൽ ഒരാൾ ഓടിളക്കി രക്ഷപ്പെടുകയും മറ്റൊരാളെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്​തു.

പരിക്കേറ്റ ഇരുവരെയും ഇരിട്ടി താലൂക്കാശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ്​ സി.പി.എം പറയുന്നത്. 

ഇന്നാണ്​ വീര്‍പ്പാട് വാര്‍ഡിൽ ഉപതെരഞ്ഞെടുപ്പ്​ നടന്നത്​. ഇതിന്​ മുന്നോടിയായി ചൊവ്വാഴ്ച രാത്രി വൈകി ഇരുവരെയും തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന്​ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഓപ്പൺ വോട്ട്​ ചെയ്യാൻ തിരിച്ചറിയൽ കാർഡ്​ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ സി.പി.എമ്മുകാർ കോളനിയിലെത്തിയെന്നും നൽകാൻ വിസമ്മതിച്ചപ്പോൾ തട്ടിക്കൊണ്ടുപോയെന്നുമാണ്​ പരാതി. ഒളിവിൽ പാർപ്പിച്ച സ്ഥലത്തുനിന്നും കെട്ടിടത്തിന്‍റെ ഓടിളക്കിയാണ്​ ബാബു രക്ഷപ്പെട്ടത്​്​. കാറിൽ തട്ടിക്കൊണ്ടുപോയവർ തന്നെ മർദിച്ചവശനാക്കുകയും മദ്യം കുടിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്​തതായി ബാബു പറഞ്ഞു.

ബുധനാഴ്ച ഏറെ വൈകിയിട്ടും ശശി തിരിച്ചെത്തിയില്ല. ഇതോടെ തട്ടിക്കൊണ്ടുപോയതായി കുടുംബം ആറളം പൊലീസിൽ പരാതി നൽകി. വോ​ട്ടെടുപ്പ്​ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശശിയെ ചിലർ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന് കോളനിവാസികൾ പറഞ്ഞു.

അവശനിലയിൽ ബോധമില്ലാതെ കിടന്ന ശശിയെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ശോഭ, അയ്യങ്കുന്ന് പഞ്ചായത്തു മെമ്പർ മിനി വിശ്വനാഥൻ, ആറളം പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരിട്ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷക്ക് ശേഷം ശശിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് ഇവരെ കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ശശിയുടെ തലക്ക്​ ക്ഷതമേറ്റതായി സംശയിക്കുന്നുണ്ട്. 

അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്​ വ്യക്​തമാക്കിയ സി.പി.എം നേതൃത്വം യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

Tags:    
News Summary - Voters abducted and beaten in Aralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.