ബിരുദപഠനത്തിന് ജില്ല പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് വി. പ്രിയദർശിനിക്ക് അപേക്ഷ നൽകുന്ന ഷാഹുൽ ഹമീദ്
72ാം വയസ്സിലും പഠനവഴിയിൽ; ബിരുദപഠനത്തിന് ഷാഹുൽ ഹമീദ്
തിരുവനന്തപുരം: പഠനം പാതിവഴിയിൽ നിലച്ചെങ്കിലും 72ാം വയസ്സിലും അറിവിന്റെ വഴിയിൽ മുന്നേറി ഷാഹുൽ ഹമീദ്. ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ചതിന് പിന്നാലെ ബിരുദപഠനത്തിന് ചേർന്നു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലാണ് ഷാഹുൽ ഹമീദ് മികച്ച വിജയം നേടിയത്.
ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കൾക്ക് സാക്ഷരതാ മിഷൻ മുഖേന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദപഠനത്തിന് അവസരമൊരുക്കുന്ന ജില്ല പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഷാഹുൽ ഹമീദ് ബിരുദപഠനത്തിന് രജിസ്റ്റർ ചെയ്തത്. ജില്ല പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് വി. പ്രിയദർശിനിക്ക് നേരിട്ട് അപേക്ഷ നൽകുകയായിരുന്നു അദ്ദേഹം.
പൂവച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ തുല്യതാ പഠനകേന്ദ്രത്തിലാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് പഠിച്ചത്. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്ന ഷാഹുൽ ഹമീദ് പിന്നീട് 25-ാം വയസ്സിൽ ഓവർ ഏജ് സ്കീമിലൂടെ പത്താംതരം വിജയിച്ചു. തുടർന്ന് 42 വർഷങ്ങൾക്കു ശേഷമാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിക്കുന്നത്.
ദീർഘകാലം തയ്യൽത്തൊഴിലാളിയായിരുന്ന അദ്ദേഹം പിന്നീട് ഗൾഫിലും ജോലി ചെയ്തു. ‘ആമച്ചൽ ഹമീദ്’ എന്ന പേരിൽ പൊതുപ്രവർത്തന, സാംസ്കാരിക രംഗങ്ങളിലും സജീവമാണ്. ബിരുദപഠനത്തിന് ശേഷം ബിരുദാനന്തര പഠനവും തുടർന്ന് പി.എച്ച്.ഡി. പഠനവും നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു.
പഠനം മുടങ്ങിയവർക്ക് തുടർപഠനത്തിന് അവസരമൊരുക്കുകയാണ് ജില്ല പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് വി. പ്രിയദർശിനി പറഞ്ഞു. നിലവിലെ പദ്ധതിപ്രകാരം കൂടുതൽ പേർക്കും ബിരുദപഠനത്തിന് അവസരം ലഭ്യമാക്കുമെന്നും അവർ വ്യക്തമാക്കി. ഈ വർഷം ജില്ലയിൽ 786 പേർ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ചതായും ജില്ല പഞ്ചായത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.