ഇരിട്ടി: പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റയിലും സമീപ പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പും പഞ്ചായത്തും പ്രദേശവാസികളും സംയുക്തമായി മേഖലയിൽ പരിശോധന നടത്തി. പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചില്ല. പരിശോധനക്കിടെ റബർ തോട്ടത്തിൽനിന്ന് കുറുക്കന്റെ ജഡം കണ്ടെത്തി. വന്യമൃഗം പിടികൂടി ഭക്ഷിച്ചതാകാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, വന്യജീവി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളാണ് കണ്ടതെന്നാണ് ജനപ്രതിനിധികളും പ്രദേശവാസികളും പറയുന്നത്.
കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഷാരോൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 60 ഏക്കറോളം സ്ഥലം കാടുകയറി വനത്തിന് സമാനമായിരിക്കുകയാണ്. ഇവിടെയാണ് പുലിയെ കണ്ടതായി പറയുന്നത്. മരങ്ങളും കുറ്റിച്ചെടികളും വളർന്ന പ്രദേശത്തേക്ക് എത്തിപ്പെടുക ദുഷ്‌കരമാണ്. കാട്ടുപന്നി, ഇഴജന്തുക്കൾ, മുള്ളൻ പന്നി, കുരങ്ങുകൾ തുടങ്ങി ജീവികളുടെ ആവാസ കേന്ദ്രമായി പ്രദേശം മാറി. കാട് വെട്ടിത്തെളിച്ച് സുരക്ഷിതമാക്കുക മാത്രമാണ് പരിഹാര മാർഗം. ഇതുസംബന്ധിച്ച നിർദേശം പഞ്ചായത്ത് അധികൃതർ ട്രസ്റ്റ് അധികൃതർക്ക് കൈമാറി.
വള്ളിത്തോട് ടൗൺ, നിരങ്ങൻചിറ്റ, കിളിയന്തറ ഉൾപ്പെടുന്ന ജനവാസ മേഖലയോട് ചേർന്നാണ് കാടുപിടിച്ച പ്രദേശം സ്ഥിതിചെയ്യുന്നത്. നാലു തവണ മേഖലയിൽ പുലിയെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്. പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ടോം മാത്യു, ഡെന്നിസ് മാണി, ആന്റോ പടിഞ്ഞാറേക്കര, ഷൈബു, ആർ.പി. ജയപ്രകാശ് പന്തക്ക, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി. സുനിൽ കുമാറും സംഘവും പ്രദേശവാസികളും തിരച്ചിലിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.