ഇരിട്ടി: പശ്ചിമ ഘട്ട മലനിരകളിൽ ഭീതി വിതച്ച് മാവോവാദി സംഘം ജില്ലയിലെ മലയോര മേഖലയിൽ ചേക്കേറിയതോടെ അശാന്തിയുടെ ഏഴു മാസങ്ങൾ. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ എത്തി മാവോവാദികൾ അരിയും സാധനങ്ങളും വാങ്ങുകയും ലഘുലേഖ വിതരണം ചെയ്യലും പോസ്റ്റർ പതിക്കലും ഇടക്ക് മാത്രം സംഭവിക്കുന്ന കാര്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ പതിവു സാന്നിധ്യമാവുകയാണ്. വന്യമൃഗ ശല്യം മൂലം മലമുകളിൽ താമസിച്ചിരുന്ന കുടിയേറ്റ ജനത വിയർപ്പൊഴുക്കി നേടിയ ഭൂമിയും വീടും ഉപേക്ഷിച്ച് മലയിറങ്ങാൻ തുടങ്ങിയത് ഇവർക്ക് അനുഗ്രഹമായി. ഈ വീടുകളും പിന്നീട് ഇവരുടെ താവളമായി.
അയ്യങ്കുന്നിലെ കളിതട്ടുംപാറയിലും വാളത്തോടിലും ആറളം ഫാം പുനരധിവാസ മേഖലയിലും വിയറ്റ്നാമിലും ചതിരൂരിലുമെല്ലാം ഇന്ന് മാവോവാദി സാന്നിധ്യം ശക്തമാണ്. കൊല്ലപ്പെട്ട അജിതയുടെയും കുപ്പം ദേവരാജിന്റെയും ചരമ ദിനം ആചരിക്കുന്നതിനായി അയ്യങ്കുന്ന് പഞ്ചായത്തിലെ ഞെട്ടിതോടിൽ ഷെഡുകൾ കെട്ടി, വിവിധ കേന്ദ്രങ്ങളിൽ നിന്ന് മാവോവാദി അനുകൂലികളെ എത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് പൊലീസുമായി ഏറ്റുമുട്ടിയത്.
മെയ് 12- വാണിയപ്പാറ കളിതട്ടുംപാറയിലെത്തിയ 5 പേരടങ്ങുന്ന സംഘം ഒരു വീട്ടിൽനിന്ന് അരിയും സാധനങ്ങളും വാങ്ങി, ഫോൺ ചാർജ് ചെയ്ത് മടങ്ങി.
മെയ് 14- തുടിമരത്തെത്തിയ അഞ്ചംഗ സംഘം ഒരു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് അരിയും സാധനങ്ങളുമായി മടങ്ങി.
ജൂൺ ആറ്- വാളതോടിലെ മൂന്ന് വീടുകളിലെത്തി സാധനങ്ങളുമായി മടങ്ങി
ജൂൺ 19- എടപ്പുഴ ടൗണിൽ പ്രകടനം, പ്രസംഗം. പോസ്റ്റർ ഒട്ടിച്ച് മടക്കം.
ജൂലൈ 24- വാളതോട് ടൗണിൽ പോസ്റ്റർ ഒട്ടിക്കലും പ്രസംഗവും.
ഓഗസ്റ്റ് 10- വിയറ്റ്നാം ടൗണിൽ പതിനൊന്നംഗ സംഘം എത്തി, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങി. സംഘത്തിൽ കവിതയുണ്ടെന്ന് സൂചന.
ഓഗസ്റ്റ് 14- വിയറ്റ്നാമിലെ വീടുകളിലെത്തിയ 13അംഗ സംഘം ഭക്ഷണം കഴിച്ച് മടങ്ങി. ഫോറെസ്റ്റ് ഓഫിസിൽ എത്തി വാച്ചറെ ഭീഷണിപ്പെടുത്തി.
ഒക്ടോബർ 16,17- വനമേഖലകളിൽ മാവോവാദികൾക്കായി ഹെലികോപ്ടർ തെരച്ചിൽ.
ഒക്ടോബർ 30- ആറളം ഫാം വന്യജീവി സങ്കേതത്തിലെ മൂന്ന് വാച്ചർമാർക്കെതിരെ വെടിയുതിർത്തു.
നവംബർ 10- മാവോവാദികളെ നേരിടാൻ ബുള്ളറ്റ് പ്രൂഫ് വാഹനം കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തി
നവംബർ 11- വാളതോടിലെ വീട്ടിലെത്തി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം അരിയും സാധനങ്ങളുമായി മടങ്ങി.
നവംബർ 13- രാവിലെ 9.30ന് അയ്യങ്കുന്ന് നെട്ടിതോട് വനമേഖലയിൽ മാവോവാദി -പൊലീസ് ഏറ്റുമുട്ടൽ, വെടിവെപ്പ്.
നവംബർ 14- രണ്ടാം ദിനവും വെടിവെപ്പ് തുടർന്നു
നവംബർ 15- പൊലീസ് ഷെഡ് പൊളിച്ചു നീക്കി, സംഭവസ്ഥലത്ത് രക്തക്കറ കണ്ടെത്തി. രണ്ടു പേർക്ക് വെടിയേറ്റതായി സംശയം. ലാപ്ടോപും യാത്ര രേഖകളും കണ്ടെടുത്തു.
നവംബർ 16- സംഭവസ്ഥലം പൊലീസ്, തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ പഴുതടച്ച പരിശോധന, ആരെയും കണ്ടെത്തിയില്ല.
ഡിസംബർ 4 -വനമേഖലയിൽ മാവോവാദികളെ കണ്ടെത്തുന്നതിനായി ഹെലികോപ്ടർ തിരച്ചിൽ.
ഡിസംബർ 22- ബാരപോൾ മിനി ജല വൈദ്യുതി പദ്ധതിക്ക് മാവോവാദി ഭീഷണി, കനത്ത സുരക്ഷ.
ഡിസംബർ 29- വയനാട് തിരുനെല്ലി ഗുണ്ടികപുരം കോളനിയിൽ കവിത മരിച്ചെന്ന പോസ്റ്ററും, പകരം വീട്ടുമെന്ന മുന്നറിയിപ്പും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.