ഇരിട്ടി: മേഖലയിൽ എലിപ്പനി പടരുന്നു. ഏഴുപേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഈ വർഷം ഇതിനകം 35 പേർക്ക് രോഗം ബാധിച്ചു. ഇരിട്ടി നഗരസഭ പരിധിയിൽ ഒരാൾ മരിക്കുകയും ചെയ്‌തു. തില്ലങ്കേരിയിൽ രണ്ടുപേർക്കും മട്ടന്നൂർ, മുഴക്കുന്ന്, ഉളിക്കൽ, വള്ളിത്തോട്, മാലൂർ എന്നിവിടങ്ങൾ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. മേഖലയിലെ ഒരു സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ സംഘത്തിലെ വിദ്യാർഥി ഗോവയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.
ജില്ലയിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ 'ക്വിറ്റ് വീൽസ്' കാമ്പയിനും സംഘടിപ്പിച്ചു. നെൽവയൽ കൃഷിപ്പണിയിൽ ഏർപ്പെടുന്നവർ, ക്ലീനിങ് ചെയ്യുന്നവർ, മൃഗപരിപാലനം നടത്തുന്നവർ, കർണാടകയിൽ ഇഞ്ചിപ്പണി ഉൾപ്പെടെയുള്ള കൃഷിപ്പണികൾക്കു പോകുന്നവർ, മരപ്പണിക്കാർ എന്നീ മേഖലയിൽ ഉള്ളവർക്കാണ് രോഗ സാധ്യത കൂടുതൽ.
ജോലി സമയത്ത് ബൂട്ടുപയോഗിക്കുക, മുറിവുകൾ ശരിയായി കെട്ടുക, ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുക, പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടാൽ വൈദ്യസഹായം തേടുക എന്നീ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ സൗജന്യമായി ലഭിക്കുമെന്നും യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണകാരണമാകുമെന്നും ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർ വൈസർ രാജേഷ് വി. ജെയിംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.