ഇരിട്ടി: കോടികളുടെ വെട്ടിപ്പും അധികാര ദുർവിനിയോഗവും കാരണം നഷ്ടത്തിലായ കോളിത്തട്ട് സർവിസ് സഹകരണ ബാങ്ക് ലിക്വിഡേഷനിലേക്ക്. നിക്ഷേപകന് കിട്ടിയത് നിക്ഷേപ തുകയുടെ ഏഴ് ശതമാനം മുതൽ പത്ത് ശതമാനം വരെ മാത്രം. അവശേഷിക്കുന്ന നിക്ഷേപ തുക ആര് നൽകുമെന്ന് ചോദിക്കുകയാണ് നിക്ഷേപകർ.
അഡ്മിനിസ്ട്രേറ്റുടെ കാലാവധിയും അവസാനിച്ചതോടെ കോളിത്തട്ട് ബാങ്ക് പൂർണമായും അനാഥമായി. അഡ്മിനിസ്ട്രേറ്ററുടെ കാലാവധിക്ക് പിന്നാലെ മൂന്നംഗ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് ഭരണ ചുമതല കൈമാറാനുള്ള നീക്കവും പരാജയപ്പെട്ടു.
നിലവിലുള്ള അഡ്മിനിസ്ട്രേറ്ററുടെ കാലാവധി നീട്ടിയാലും ഈ തസ്തികയിൽ തുടരാൻ താൽപര്യമില്ലെന്ന് ബന്ധപ്പെട്ടവർ വകുപ്പിനെ അറിയിച്ചു കഴിഞ്ഞു. സഹകരണ നിയമ പ്രകാരം ഇനി ബാങ്ക് ലിക്വിഡേഷൻ ചെയ്യാനുള്ള മാർഗം മാത്രമാണ് സഹകരണ വകുപ്പിന് മുന്നിലുള്ളു.
കോടികളുടെ വെട്ടിപ്പും അധികാര ദുർവിനിയോഗവും കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്. ഇരിട്ടി സഹകരണ സംഘം അസി. രജിസ്റ്റർ ഓഫിസിലെ യൂനിറ്റ് ഇൻസ്പെക്ടറെയാണ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. ഇവരുടെ കാലാവധി മേയ് 12ന് അവസാനിച്ചു.
കാലാവിധിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിയെ കണ്ടെത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 27ന് തിരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം ഇറങ്ങിയെങ്കിലും ഒരാൾ പോലും പത്രിക നൽകാഞ്ഞതോടെ തെരഞ്ഞെടുപ്പ് നടപടികൾ അസാധുവായി.
പിന്നീടാണ് ബാങ്ക് അംഗങ്ങളിൽ മൂന്നു പേരെ കണ്ടെത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപവത്ക്കരിക്കാനുള്ള ശ്രമം ഉണ്ടായത്. 26 കോടിയോളം ബാധ്യതയുള്ള ബാങ്ക് ആർക്കും വേണ്ടാത്ത അവസ്ഥയായതിനാൽ ഒരാളെപോലും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലേക്ക് കണ്ടെത്താനും കഴിഞ്ഞില്ല.
15 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് നൽകാനുള്ളത്. 11കോടിയോളം രൂപ ജില്ല ബാങ്കിനും ബാധ്യതയുണ്ട്. അഡ്മിനിസ്ടേറ്ററുടെ കാലത്ത് ബാങ്ക് വായ്പ ഇനത്തിൽ നൽകിയ തുകയിൽ 50 ലക്ഷത്തോളം രൂപ തിരിച്ചു പിടിച്ചിരുന്നു. ഇത് നിക്ഷേപകർക്ക് നിക്ഷേപ തുകയുടെ ഏഴ് മുതൽ പത്ത് ശതമാനം വരെ എന്ന നിലയിൽ വിതരണം ചെയ്തു.
കൂടുതൽ തുക നിക്ഷേപിച്ചവർക്ക് ഏഴ് ശതമാനവും കുറഞ്ഞ നിക്ഷേപകർക്ക് 10 ശതമാനവുമാണ് കിട്ടിയത്. ഇതുപ്രകാരം ഒരു ലക്ഷം നിക്ഷേപിച്ചവർക്ക് 10000 രൂപ ലഭിച്ചപ്പോൾ 30 ലക്ഷം നിക്ഷേപിച്ച നിക്ഷേപകന് കിട്ടിയത് രണ്ട് ലക്ഷം രൂപയാണ്. അവശേഷിക്കുന്ന 28 ലക്ഷം രൂപക്കും നിക്ഷേപ കാലാവധിക്കുള്ള പലിശക്കും ഇപ്പോൾ ആരും സമാധാനം പറയാനില്ലാത്ത അവസ്ഥയാണ്.
5000 മുതൽ 30 ലക്ഷം വരെയുള്ള നിക്ഷേപകരാണ് ബാങ്കിനെയും ഭരണ സമിതിയേയും വിശ്വസിച്ച് ജീവിതത്തിൽ നുള്ളിെപ്പറുക്കി സമ്പാദിച്ചതെല്ലാം ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ വിധവകളും നിത്യരോഗികളും സർക്കാർ സർവിസിൽ നിന്നും വിരമിക്കുമ്പോൾ കിട്ടിയ ആനുകൂല്യങ്ങൾ വരെ നിക്ഷേപിച്ചവരുണ്ട്.
സ്വത്ത് പണയ വായ്പകൾക്ക് ഈടായി സ്വീകരിക്കുന്ന ഭൂമിയുടെ മാർക്കറ്റ് വില പെരുപ്പിച്ച് കാണിച്ച് സ്വന്തക്കാർക്ക് ലക്ഷങ്ങൾ വായ്പ നൽകിയും സംഘത്തിൽ പണയപ്പെടുത്തിയ സ്വർണപണ്ടങ്ങളുടെ ദുരുപയോഗം, അക്കൗണ്ടുകളിലൂടെ നടത്തിയ ക്രമക്കേട്, വ്യാജരേഖ ഉണ്ടാക്കി സംഘം ഫണ്ട് കൈവശപ്പെടുത്തൽ, ജീവനക്കാരുടെ ബന്ധുക്കളുടെ അല്ലാതവരുടേയും പേരിൽ വ്യാജ വായ്പയെടുക്കുകയും അത് കുടിശ്ശിക വായ്പകളുടെ ഗണത്തിൽപെടുത്തി കാർഷിക കടാശ്വാസ പദ്ധതിപ്രകാരം എഴുതിത്തള്ളി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കാർഷിക കടാശ്വാസ പദ്ധതി പ്രകാരം കുടിശ്ശികയായ കടങ്ങൾ എഴുതിത്തള്ളിയ ഇടപാടുകാരുടെ വിവരങ്ങളൊന്നും ബാങ്കിൽ ലഭ്യമല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൃഷിക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം ബാങ്കിന്റെ പൊതു ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയതിലും വെട്ടിപ്പ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.