അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​രി​ക്കോ​ട്ട​ക്ക​രി പു​ഴ​ക്ക​ര പാ​ലം

പാലം കടന്നുകിട്ടിയാൽ 'രക്ഷപ്പെട്ടു'

ഇരിട്ടി: കരിക്കോട്ടക്കരി പുഴക്കര പാലത്തിലൂടെയുള്ള ജീവൻ പണയംവെച്ചുള്ള യാത്രക്ക് ശമനമില്ല. ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നാലു തൂണുകളിൽ രണ്ടെണ്ണം നിലംപൊത്തിയിട്ടും പാലം പുതുക്കിപ്പണിയാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.

പാലം അപകട ഭീഷണിയിലാണെന്ന് പുഴക്കരയുടെ ഇരുഭാഗത്തും ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും എപ്പോഴും ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകാറുണ്ട്. ആറളം പഞ്ചായത്തിലെ വളയങ്കോട് നിന്നും അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാലമാണിത്.

ഇരു പഞ്ചായത്തുകളിലെ അതിർത്തിയിലാണ് പാലം സ്ഥിതിചെയ്യുന്നത്. രണ്ടു കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് വീടുകളുണ്ട്. പുഴക്കര പാലത്തിലൂടെയാണ് താമസക്കാർ അപ്പുറവും ഇപ്പുറവും കരിക്കോട്ടക്കരി, കീഴ്പ്പള്ളി ടൗണുകളുമായി ദിനേന ബന്ധപ്പെട്ടിരുന്നത്.

പാലം ഏതു നിമിഷവും തകർന്ന് വീഴാനുള്ള സാധ്യതയും ഉണ്ട്. പാലം തകർന്നാൽ വാഹനങ്ങൾ കിലോമീറ്ററുകളോളം ചുറ്റി എടൂർ വെമ്പുഴ പാലം വഴിയോ, കരിക്കോട്ടകരി പൊലീസ് സ്റ്റേഷന് സമീപത്തെ പത്താഴപ്പുഴ പാലം വഴിയോ വേണം ടൗണുകളുമായി ബന്ധപ്പെടാൻ.

മൂന്നുവർഷം മുമ്പ് കനത്ത മഴയിലാണ് പാലത്തിന്റെ കരയോട് ചേർന്ന ഭാഗത്തെ തൂണ് ആദ്യം നിലംപൊത്തിയത്. തുടർന്ന് കഴിഞ്ഞവർഷം മറ്റൊരു തൂണും കൂടി നിലംപൊത്തിയതോടെ കരിക്കോട്ടക്കരി ഭാഗത്തുള്ള പുഴയിലെ രണ്ട് തൂണിലാണ് പാലം ഇപ്പോൾ നിൽക്കുന്നത്.

ഇതിലൂടെയാണ് നാട്ടുകാർ വാഹനങ്ങളിലും മറ്റും പോകുന്നത്. പാലത്തിന് താൽക്കാലിക പ്രവൃത്തി നടത്തുന്നതിനുള്ള ശ്രമം പോലും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.  

Tags:    
News Summary - Karikottakari Puzhakkara Bridge has been in a dangerous condition for three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.