അയ്യൻകുന്ന് പഞ്ചായത്തിൽ ഡെങ്കിപ്പനി രോഗപ്രതിരോധ പ്രവർത്തനങ്ങളുംടെ ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: ഒന്നിടവിട്ട ദിവസങ്ങളിലെ മഴയും തുടർന്നുള്ള ദിവസങ്ങളിലെ വെയിലും കാരണം മലയോര മേഖലയിൽ ഈഡീസ് കൊതുകുകളും ഇതുമൂലം ഡെങ്കിപ്പനിയും വ്യാപകമാകുന്നു. മലയോര പഞ്ചായത്തുകളായ ആറളം, അയ്യൻകുന്ന്, മുഴക്കുന്ന് പഞ്ചായത്തുകളിൽ നിരവധി പേർക്കാണ് ഡെങ്കിപ്പനി പിടിപെട്ടിരിക്കുന്നത്. ഡെങ്കിയല്ലാത്ത പനിയും ഇരിട്ടി മേഖലയിൽ വർധിച്ചുവരുന്നുണ്ട്. താലൂക്ക് ആശുപത്രിയിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ഹോമിയോ ആശുപത്രികളിലുമായി ദിനംപ്രതി നൂറുകണക്കിന് പേരാണ് പനിബാധിച്ച് എത്തുന്നത്.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആയ്യൻകുന്ന് പഞ്ചായത്തിൽ വെള്ളിയാഴ്ച പഞ്ചായത്തുതല ആരോഗ്യ സമിതി യോഗം ചേർന്നു. വാർഡ്തല ആരോഗ്യ സമിതികളും യോഗം ചേർന്ന് ആവശ്യമായ മുന്നറിയിപ്പുകളും മുൻകരുതൽ നടപടികളും സ്വീകരിക്കാൻ നിർദേശിച്ചു. കരികോട്ടക്കരി പരിധിയിൽ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളായ ഇടപ്പുഴ, കിഴിങ്ങാനം, പാറക്കപാറ എന്നിവിടങ്ങളിൽ ഫോഗിങ് നടത്തി. ആരോഗ്യവകുപ്പ് പൊതുജനാരോഗ്യവിഭാഗം, ആശാ പ്രവർത്തകർ, കണ്ണൂർ ഡി.വി.സി യൂനിറ്റ് തുടങ്ങിയവർ ഉൾപ്പെടെ വിപുലമായ ഉറവിട നശീകരണവും കൊതുക് സാന്ദ്രത പഠനവും ലാർവ ശേഖരണവും നടത്തി.
പഞ്ചായത്തിന്റെയും അങ്ങാടിക്കടവ് പി.എച്ച്.സിയുടേയും നേതൃത്വത്തിൽ പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച മുഴുവൻ വീടുകളിലും ശുചീകരണം നടത്തിക്കൊണ്ട് പരിപാടിയിൽ പങ്കാളികളാകാൻ പ്രസിഡന്റ് അഭ്യർഥിച്ചു. പകർച്ചവ്യാധി ഉണ്ടാക്കും വിധം മാലിന്യങ്ങളും പാഴ്വസ്തുക്കളും വീട്ടിലും പരിസരത്തും പരിശോധന സമയത്ത് കണ്ടെത്തിയാൽ അവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം അനുസരിച്ച് പിഴ അടക്കമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ നാല്, ആറ്, ഒമ്പത് വാർഡുകളിലാണ് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നത്.
കഴിഞ്ഞ 15 ദിവസത്തിനിടെ 35 ഓളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഒമ്പതാം വാർഡ് ഗ്രാമം മേഖലയിലാണ് ഏറ്റവും അധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആറാം വാർഡ് പെരുമ്പുന്ന മേഖലയിലും നാലാം വാർഡ് കൊരഞ്ഞി മേഖലയിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത ഒമ്പതാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങളും മരുന്ന് തളിക്കലും നടത്തി. പ്രദേശങ്ങളിൽ ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കാനും വീടിന്റെ പരിസരങ്ങളിലും മറ്റും വെള്ളം കെട്ടി സാഹചര്യങ്ങൾ ഒഴിവാക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഒന്നിടവിട്ട ദിവസങ്ങളിലെ മഴകാരണം റബർ തോട്ടങ്ങളിലെ റബർപാൽ ശേഖരണ ചിരട്ടകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. മുൻകാലങ്ങളിൽ വേനൽ മഴ കാര്യമായി ലഭിക്കാറില്ലാത്ത മേഖലകളിൽ പോലും ഇക്കുറി ആഴ്ചയിൽ രണ്ടും മൂന്നും മഴ ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതു മൂലം റബർ ചിരിട്ടകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഈഡിസ് കൊതുകുകൾ പെറ്റ്പെരുകുന്നതിന് ഇടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.