പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു; ഭീതിയിൽ നാട്ടുകാർ

തളിപ്പറമ്പ്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികയായ വീട്ടമ്മ മരിച്ചത് നാട്ടുകാരെ ഭയപ്പാടിലാക്കി. പട്ടുവം മുതുകുടയിലെ കല്ലടത്ത് നബീസ ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുതുകുടയിലെ വാടക വീട്ടിൽ വെച്ചാണ് പാമ്പ് കടിയേറ്റത്.

സംഭവ സമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ എപ്പോഴാണ് കടിയേറ്റതെന്ന് വ്യക്തമല്ല. മരുമകൻ രാവിലെ വീട്ടിലെത്തിയപ്പോഴാണ് ക്ഷീണിതയായി വീണ നബീസയെ കണ്ടെത്. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിച്ചു. പാമ്പ് കടിച്ചതാണെന്ന് ആദ്യം മനസിലായിരുന്നില്ല. ആശുപത്രി അധികൃതർ പറഞ്ഞപ്പോഴാണ് പാമ്പ് കടിച്ചതാണെന്ന് മനസിലായതെന്ന് ബന്ധുക്കൾ പറഞ്ഞു.

കടിയേൽക്കുന്നത് പോലും അറിയുന്നില്ലെന്ന സാഹചര്യമാണ് നാട്ടുകാരിൽ ഭീതി ഉണ്ടാക്കുന്നത്. പ്രദേശത്ത് മുൻകാലങ്ങളിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ശംഖ് വരയൻ എന്ന പാമ്പാണ് ഇത്തരത്തിൽ മരണം വിതക്കുന്നത്.

നബീസയെ കടിച്ചപാമ്പ് ഏതാണെന്ന് വ്യക്തമല്ല എന്നാൽ, ശംഖുവരയൻ പാമ്പ് ആണ് കടിച്ചതെന്ന് സംശയിക്കുന്നതായി പരിയാരം മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. കടിച്ച അടയാളവും വേദനയും ഇല്ലാത്തതും കടിയേറ്റ ഉടൻ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നത് ജനങ്ങളെ ഏറെ ഭയാശങ്കയിലാക്കുന്നു. ഭയം കാരണം കുട്ടികളെ കളിക്കാൻ പോലും വീടിന് പുറത്തിറക്കാൻ മടിക്കുകയാണ് രക്ഷിതാകൾ.

പട്ടുവം കാവുങ്കലിലെ മറ്റൊരു വയോധികയെ പാമ്പ് കടിയേറ്റ് ഞായറാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും നാട്ടുകാരിൽ ഭീതി കൂട്ടിയിരിക്കുകയാണ്. നബീസയുടെ കബറടക്കം മുതുകുട ജുമ മസ്ജിദിൽ നടന്നു.

Tags:    
News Summary - Housewife dies after snake bite; locals in panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.