കനത്ത മഴയിൽ കണ്ണൂർ പള്ളിക്കുന്നിൽ ഓട്ടോറിക്ഷക്കു മുകളിൽ മരം വീണ നിലയിൽ
കണ്ണൂർ: റെഡ് അലർട്ടിലായ ജില്ലയിൽ കനത്ത മഴ. മണ്ണിടിഞ്ഞും വീടുകളിൽ വെള്ളം കയറിയും വ്യാപകമായി നാശനഷ്ടമുണ്ടായി. കണ്ണൂർ കുറുവയിലിനു സമീപം മതിലിടിഞ്ഞുവീണ് രണ്ടു വീടുകൾക്ക് കേടുപാട് പറ്റി. പാനൂരിൽ കനത്ത മഴയിൽ വീടും കിണറും തകർന്നു. ദേശീയപാതയിൽ മരം പൊട്ടി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. തളിപ്പറമ്പ്, തലശ്ശേരി, മേലെ ചൊവ്വ, ധർമശാല തുടങ്ങിയിടങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി. കുറുവയിലെ വികാസിന്റെ വീടിന്റെ മതിലാണ് കനത്തമഴയിൽ രാവിലെ ഏഴോടെ സമീപത്തെ വീടുകളിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. വീട്ടുകാർ ഓടിരക്ഷപ്പെടുകയായിരുന്നു.
പടന്നത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പയ്യാമ്പലം കടലിൽ അഴിമുറിക്കുന്നു
കുറുവ തയ്യിൽ കാവിന് സമീപത്തെ ബൈത്തുൽ ജനാഹ് ഹൗസിൽ ടി. ഉഷാജ്, സമീപത്തെ ജാസ്മിൻ ഹൗസിലെ ജാസ്മിൻ എന്നിവരുടെ വീടുകളിലേക്കാണ് മതിലിടിഞ്ഞ് പതിച്ചത്. പാനൂർ കിഴക്കേ ചമ്പാട് ചിത്രവയലിലെ ചമ്പേത്ത് താഴെക്കുനിയിൽ രാജേഷിന്റെ വീടാണ് ഭാഗികമായി തകർന്നത്. കിണറിനോട് ചേർന്ന കുളിമുറി കിണറ്റിലേക്ക് ഇടിഞ്ഞുതാഴ്ന്നതോടെ വീട് അപകടാവസ്ഥയിലായി.
പള്ളിക്കുന്നിൽ ദേശീയപാതയിൽ മരം പൊട്ടി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മേൽ പതിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് മുൻവശത്തെ മാവിന്റെ കുറ്റൻ ശിഖരമാണ് വീണത്. ഓട്ടോ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊട്ടിവീണ മരത്തിലെ ശിഖരങ്ങൾ മാറ്റുന്നതിനിടെ വീണ്ടും മറ്റൊരു ശിഖരം പൊട്ടിവീണു.
ആളുകൾ ഓടിമാറിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തെക്കൻ കർണാടക്കും വടക്കൻ കേരളത്തിനും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് വടക്കൻ കേരളത്തിൽ മഴ ശക്തമായത്. ചൊവ്വാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പിണറായിയിലാണ്. 261 മില്ലിമീറ്റർ മഴയാണ് പിണറായിയിൽ പെയ്തത്. ധർമടത്ത് 243 മി.മീ. മഴയും പെയ്തു.
പയ്യന്നൂർ: കനത്ത മഴയിൽ പിലാത്തറയിൽ ദേശീയപാതയോടനുബന്ധിച്ച് നിർമിച്ച സർവിസ് റോഡ് പുഴ പോലെയായി. ഇതോടെ മണിക്കൂറുകളോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടു മുതൽ പെയ്യുന്ന വേനൽ മഴയിലാണ് റോഡിൽ വെള്ളം നിറഞ്ഞത്. പിലാത്തറ ടൗണിൽ അടിപ്പാതക്കു സമീപത്തെ സർവിസ് റോഡിലാണ് വെള്ളം കയറിയത്. മേൽപാലത്തിന്റെ പണി പൂർത്തിയാകാത്തതിനാൽ എല്ലാ വാഹനങ്ങളും സർവിസ് റോഡിലൂടെയാണ് കടന്നുപോകുന്നത്. വെള്ളം കയറിയതോടെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ബന്ധപ്പെട്ടവർ വന്ന് വെള്ളം ഒഴുക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ, പിന്നീട് പാത ചളിക്കുളമായി. ഇത് ഇരുചക്രവാഹനങ്ങൾക്കും മറ്റും അപകട ഭീഷണിയായി.
പിലാത്തറ സർവിസ് റോഡിൽ ഉണ്ടായ വെള്ളക്കെട്ട്
നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷവും ഇവിടെ വെള്ളം കയറിയിരുന്നു. ഇടുങ്ങിയ പാതയിൽ ഓവുചാൽ ഇല്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ഒരു ഭാഗത്ത് സ്വകാര്യ സ്ഥലമായതിനാൽ വീതികൂട്ടുക അസാധ്യമാണെന്നും മുൻകൂട്ടി അക്വയർ ചെയ്യാത്തതാണ് ഇടുങ്ങിയ റോഡ് നിർമിക്കാൻ കാരണമായതെന്നും നാട്ടുകാർ പറയുന്നു. വെള്ളൂർ അടിപ്പാതയിലും വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു.
പയ്യന്നൂർ: തിങ്കളാഴ്ച മുതൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. ഈ ഭാഗത്ത് ജനങ്ങൾ വരാത്തതും മഴയും കാരണം ദുരന്തം വഴിമാറി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കെട്ടിടം തകർന്നത്. കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന നേരത്തേ ഡയാലിസിസ് സെന്റർ, വിമുക്തി ഡീ അഡിക്ഷൻ സെന്റർ, കാരുണ്യ ഫാർമസി എന്നിവ പ്രവർത്തിച്ച 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷേഡ് ഉൾപ്പെടെ ഭാഗങ്ങളാണ് പൊളിഞ്ഞുവീണത്. കെട്ടിടം പൂർണമായി നിലംപൊത്തിയാൽ വൻ ദുരന്തമായിരിക്കും.
പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ സൺഷേഡ് തകർന്നുവീണ നിലയിൽ
കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വന്ന ഘട്ടത്തിലാണ് സൺഷേഡ് ഉൾപ്പെടെ ഭാഗങ്ങൾ കനത്ത മഴയിൽ പൊളിഞ്ഞുവീണതെന്ന് അധികൃതർ അറിയിച്ചു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.വി. സജിത, നഗരസഭ എൻജിനീയറിങ് വിഭാഗം മേധാവി കെ. അനീഷ്, ഉദ്യോഗസ്ഥർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.എം. ജ്യോതി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടകരമാം വിധം തൂങ്ങിനിൽക്കുന്ന കെട്ടിട ഭാഗങ്ങൾ ഉടൻ നീക്കം ചെയ്യുന്നതിന് ചെയർപേഴ്സൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.