പൂളക്കുറ്റിയിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുന്നു
കേളകം: കനത്ത മഴയിൽ മലയോരത്ത് വ്യാപക ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. നെടുംപുറംചാൽ, തുടിയാട്, ചെക്കേരി, വെള്ളറ, പൂളക്കുറ്റി മേഖലയിലാണ് ഉരുൾപൊട്ടിയത്. പേരാവൂർ മേലെ വെള്ളറ ആദിവാസി കോളനിയിൽ ഒരു വീട് തകർന്ന് ഒരാളെ കാണാതായി. നെടുംപുറംചാലിൽ ഒഴുക്കിൽപെട്ട രണ്ട് സ്ത്രീകളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഒരു കുട്ടിയെ കാണാതായി. നിടുംപൊയിൽ 24ാം മൈലിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മാനന്തവാടി - നിടുംപൊയിൽ ചുരം പാതയിൽ ഗതാഗതം നിലച്ചു. നാലോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. നിടുംപൊയിൽ -മാനന്തവാടി റോഡിൽ ഉരുൾപൊട്ടി റോഡ് ചളിക്കളമായി. നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. നിടുംപൊയിൽ, തുണ്ടിയിൽ ടൗണിൽ വെള്ളംകയറി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ പുഴയും കവിഞ്ഞൊഴുകുകയാണ്.
നിരവധി ബൈക്കുകൾ ഒഴുകിപ്പോയി. വെള്ളൂന്നി കണ്ടംതോട് കോളനി പ്രദേശത്ത് ഉരുൾപൊട്ടി. ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.തെറ്റുവഴി മുതൽ തുണ്ടിവരെ പുഴയുടെ സമീപത്തായുള്ള വീടുകളിൽ വെള്ളംകയറി. തുണ്ടി പേരാവൂർ റോഡിലെ കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തുണ്ടി പാലത്തിൽ നിന്നും 100 മീറ്റർ അകലെയുള്ള മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. തെറ്റുവഴി കൃപാഭവൻ പരിസരത്തും വെള്ളം കയറി. കന്നുകാലികൾ ഒലിച്ചുപോയി. കെട്ടിടങ്ങളും വെള്ളത്തിലായി. നിടുംപൊയിൽ ടൗണിൽ വെള്ളം കയറി കനത്ത നാശനഷ്ടമുണ്ട്. പുഴകളിൽ വെള്ളം കവിഞ്ഞ് പാലങ്ങൾ വെള്ളത്തിലായതിനാൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേനയും പേരാവൂർ, കേളകം പൊലീസ് സംഘങ്ങളും ദുരന്തമുഖത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
രണ്ടു താലൂക്കിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധി
ജില്ലയിലെ കോളയാട്, കണിച്ചാർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച യൂനിവേഴ്സിറ്റി/ കോളജ് പരീക്ഷകൾക്ക് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.