പാതിവില തട്ടിപ്പിന് ഇരയായാവർ കേസ് നൽകുന്നതിന്റെ ഭാഗമായി അഭിഭാഷകന്റെ ഓഫിസിൽ എത്തിയപ്പോൾ
കണ്ണൂര്‍: പാതി വില തട്ടിപ്പ് കേസില്‍ ഇരകൾ നിയമ നടപടികളിലേക്ക്. പൊലീസില്‍നിന്ന് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് ഇവർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. പൊലീസിനെതിരെയാണ് ഇരകൾ ആരോപണവുമായി രംഗത്തെത്തിയത്. കേസ് നൽകുന്നതിന്റെ ഭാഗമായി ബുധനാഴ്ച കണ്ണൂരിലെത്തിയ 70 ഇരകൾ അഡ്വ. ആര്. മഹേഷ് വര്‍മയെ കണ്ട് രേഖകൾ കൈമാറി.
മാസങ്ങൾക്ക് മുമ്പാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നിട്ടും കേസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് ഇവരുടെ ആക്ഷേപം. ഇതേതുടർന്നാണ് ഇവർ നിയമനടപടിക്കൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇരകളായവർ അഭിഭാഷകനെ കാണാൻ കണ്ണൂരിലെത്തി.
കോടതിയിൽ കേസ് നൽകുന്നതിന് പൊലീസിൽ നൽകിയ പരാതിയുടെ റസീപ്റ്റ് ഹാജരാക്കണം. എന്നാൽ മാത്രമേ കോടതി മുഖാന്തിരം കേസുകള്‍ എടുക്കാന്‍ സാധിക്കുകയുളളുവെന്നാണ് ഇരകൾ പറയുന്നത്. പൊലീസ് പരാതിയുടെ റസീറ്റ് നല്കാന് തയാറാകുന്നില്ലെന്നാണ് ഇവരുടെ ആരോപണം.
ആദ്യഘട്ടത്തില്‍ പരാതി നല്കിയവരില് കുറച്ച് പേരുടെ റസീറ്റ് മാത്രമാണ് പൊലീസ് നല്‍കിയതെന്നും പിന്നീട് പോയവര്‍ക്കൊന്നും റസീറ്റ് നല്‍കുന്നില്ലെന്നും ഇവർ പറയുന്നു. അതേസമയം അക്ഷയ കേന്ദ്രം വഴി പരാതി നല്‍കിയവര്‍ക്ക് അവിടെനിന്ന് റസീറ്റ് കിട്ടിയിട്ടുണ്ട്. പൊലീസ് അക്ഷയ ജീവനക്കാരെ പൊലീസ് ഭീക്ഷണിപ്പെടുത്തി അതും തടഞ്ഞുവെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
റമീഷ എന്നവരുടെ പരാതിയില്‍ ബാക്കി 180 പേര് കക്ഷികളാകുകയാണ് ചെയ്തത്. ഇതില്‍ റമീഷയുടെ മൊഴി മാത്രമാണ് ക്രൈം ബ്രാഞ്ച് എടുത്തത്. പ്രൊമോട്ടര്‍, കോഓഡിനേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയെങ്കിലും ഇവരെയാന്നും കേസില്‍ ഉള്‍പ്പെടുത്താൻ പൊലീസ് തയാറായിട്ടില്ലെന്നും പരാതിക്കാര്‍ പറഞ്ഞു. ആദ്യം കണ്ണൂര്‍ കോടതിയിലാണ് പരാതി നല്‍കുന്നതെന്നും ഈ ആഴ്ച തന്നെ പരാതികൾ കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും അഭിഭാഷകന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.