കണ്ണൂർ: കൊടുംക്രിമിനൽ ഗോവിന്ദച്ചാമി ജയിൽ ചാടിയെന്ന വാർത്തകേട്ടാണ് വെള്ളിയാഴ്ച കണ്ണൂർ ഉണർന്നത്. വലിയ ഭീതിയോടെയാണ് ജനങ്ങൾ അത് കേട്ടത്. പിന്നീട് ആശങ്കയുടെ മണിക്കൂറുകളായിരുന്നു ജില്ലയിലാകെ. മക്കളെ സ്കൂളിലയക്കാനും ജോലിക്ക് പോകാനും ആളുകൾ ഭയന്നു. പ്രഭാത സവാരിക്കിറങ്ങിയവരും മറ്റും ഞെട്ടലോടെയാണ് വാർത്ത കേട്ടത്. നഗരത്തിലും റെയിൽവേയിലും ഊടു വഴികളിലുമെല്ലാം പൊലീസിന്റെ തലങ്ങും വിലങ്ങും ഓട്ടം. ഗോവിന്ദച്ചാമിയുടെ കൊടുംക്രൂരതകൾ വാർത്തകളിലൂടെ കേട്ടറിഞ്ഞ ഓർമകൾ പലരുടെയും ഉള്ളിൽ ഭയം നിറച്ചു.
കണ്ണൂർ നഗരത്തിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളുമടക്കം ജയിൽചാട്ടത്തിന്റെ വാർത്തയറിഞ്ഞതുമുതൽ ജാഗ്രതയിലായിരുന്നു. നഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിലെ താമസക്കാർ വീട്ടിന് പുറത്തും പരിസരങ്ങളിലുമെല്ലാം വ്യാപക പരിശോധന നടത്തി. പല വീടുകളിലെയും സ്ത്രീകൾ വീടടച്ച് പുറത്തിറങ്ങാതെ ഇരിപ്പായി. ഉൾപ്രദേശങ്ങളിലും ജനങ്ങൾ ആശങ്കയിലായി.
അതിനിടെ രാവിലെ ഒമ്പതോടെ തളാപ്പ് ഭാഗത്തുകൂടെ ഗോവിന്ദച്ചാമിയെ പോലൊരാൾ നടന്നു പോയതായി ചില ഓട്ടോ ഡ്രൈവർമാർ സംശയം പ്രകടിപ്പിച്ചു. പിന്നാലെ മറ്റ് ചിലരും ഇക്കാര്യം വ്യക്തമാക്കി. പൊലീസ് നായും അതേ വഴിയാണ് ഓടിയത്. പിന്നാലെ ഗോവിന്ദച്ചാമി നടന്നു നീങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾകൂടി ലഭ്യമായതോടെ തളാപ്പ് ഭാഗത്തു തന്നെ ഇയാളുണ്ടെന്ന നിഗമനത്തിൽ പൊലീസെത്തി. ഇതോടെ തളാപ്പിലും പരിസരപ്രദേശത്തും ആശങ്കയുടെ നിമിഷങ്ങളായി. മണിക്കൂറുകൾക്കകം 10.30 ഓടെ തളാപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫിസ് കിണറ്റിന്റെ പടവിൽ നിൽക്കുന്ന ഗോവിന്ദച്ചാമിയെ കണ്ടെത്തുകയായിരുന്നു.
കണ്ണൂർ: പൊലീസ് പിടിയിലായ ഗോവിന്ദച്ചാമിക്കെതിരെ വൻജനരോഷമാണ് കണ്ണൂരിൽ ഉയർന്നത്. സ്ത്രീസുരക്ഷക്ക് ഭീഷണിയാണ് ഗോവിന്ദച്ചാമിയെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ രംഗത്തെത്തി. കിണറ്റിൽ നിന്നും പൊലീസ് ഇയാളെ കരക്കു കയറ്റുമ്പോൾ തന്നെ അടുത്തുള്ള നാട്ടുകാർ ഇയാളുടെ ദേഹത്ത് അടിക്കുന്നത് കാണാമായിരുന്നു. പൊലീസ് വൻ സുരക്ഷ ഒരുക്കിയാണ് വാഹനത്തിൽ കയറ്റിയത്. മൊബൈൽ കാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും ‘അയാളെ ഞങ്ങൾക്ക് വിട്ടുതരൂ...’ എന്നും മറ്റും നാട്ടുകാർ വിളിച്ചു പറയുന്നുണ്ടായിരുന്നു.
വൻ പൊലീസ് സന്നാഹത്തിന്റെ വലയത്തിലാണ് പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പൊലീസ് ട്രെയിനിങ് സെന്ററിൽ ചോദ്യം ചെയ്യാനെത്തിച്ചത്. നിരവധിപേരാണ് ഇവിടെ തടിച്ചുകൂടിയത്. വൈദ്യ പരിശോധനക്ക് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴും ജനരോഷം ഉയർന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്യാൻ കണ്ണൂർ അസിസ്റ്റന്റ് കമീഷണർ ഓഫിസിലെത്തിച്ചപ്പോൾ വൻജനാവലി രൂക്ഷ പ്രതികരണവുമായി സ്റ്റേഷന് സമീപത്തുണ്ടായിരുന്നു. ആളുകൾ ഗോവിന്ദച്ചാമിയെ കടന്നാക്രമിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഒാരോയിടത്ത് നിന്നും വേഗത്തിൽ ഗോവിന്ദച്ചാമിയെ പൊലീസ് മാറ്റുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.