കേളകം: കീടബാധ വ്യാപകമായതോടെ കൃഷിനശിച്ച് മലയോരത്ത് ഇഞ്ചി കർഷകർ പ്രതിസന്ധിയിൽ. ഇഞ്ചികൃഷിയെ പ്രതിസന്ധിയിലാക്കി മഞ്ഞളിപ്പ് രോഗബാധ പടരുമ്പോൾ മലയോരത്തെ കർഷകർ ആശങ്കയിലാണ്. കണിച്ചാർ, പേരാവൂർ, കേളകം പഞ്ചായത്തുകളിൽ മാത്രം ഏക്കർ കണക്കിന് കൃഷിയാണ് രോഗം ബാധിച്ച് നശിച്ചത്. ഇഞ്ചിച്ചെടികളിൽ ഫംഗസ് രോഗ ബാധ വ്യാപകമാകുന്നത് തടയാനാവാതെ ഉഴലുകയാണ് കർഷകർ. പേരാവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഞാണക്കരയിൽ കൃഷി ചെയ്ത കൊയിലോത്ത് ഭാസ്കരന്റെ ഒന്നരയേക്കറോളം സ്ഥലത്തെ ഇഞ്ചികൃഷിയാണ് പൂർണമായും നശിച്ചത്.
രോഗം കൂടുതൽ കൃഷിയിടങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നാണ് കാർഷിക മേഖലയിലുള്ളവർ പറയുന്നത്. വിത്തുനട്ട് ഒന്നരമാസം പിന്നിട്ടതും വളപ്രയോഗം കഴിഞ്ഞതുമായ തൈകളിലാണ് രോഗം പടർന്നുപിടിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ ചെടി പാടേ നശിക്കുകയാണ്. ഇലകളുടെ അഗ്രത്ത് ദൃശ്യമാകുന്ന പുള്ളികളും നിറവ്യത്യാസവുമാണ് രോഗത്തിന്റെ ആദ്യലക്ഷണം.
ക്രമേണ എല്ലാ ഇലകളിലേക്കും തണ്ടുകളിലേക്കും മഞ്ഞളിപ്പ് വ്യാപിക്കും. അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതും രോഗം പടരാൻ കാരണമാകുന്നുണ്ട്. കർണാടകയിൽ കഴിഞ്ഞവർഷം ഈ രോഗബാധ വ്യാപകമായിരുന്നു. ഇക്കൊല്ലവും ഇതേ അവസ്ഥയിൽ ഇഞ്ചികൃഷി നശിച്ച് നൂറുകണക്കിന് കർഷകരാണ് കടക്കെണിയിലായത്. കടംവാങ്ങിയും മറ്റുമാണ് പലരും കൃഷിയിറക്കിയത്. ഇത്തണ വേനൽമഴ ആദ്യം മുതൽ ലഭിച്ചതിനാൽ നിലമൊരുക്കുന്നതിനും മറ്റും കർഷകർക്ക് ഗുണകരമായിരുന്നു. പക്ഷെ, നിർത്താതെ പെയ്ത തീവ്രമഴയാണ് കൃഷിക്ക് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് കർഷകർ പറയുന്നത്. രോഗബാധ നിയന്ത്രിക്കാനും കർഷകർക്ക് ആവശ്യമായ സഹായം നൽകാനും കൃഷി വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.