ജിയോളജി ഉദ്യോഗസ്ഥർക്ക് മാസപ്പടി; ജില്ലയിൽ 400ലധികം അനധികൃത ചെങ്കൽ പണകൾ
കണ്ണൂർ: നിയമം കാറ്റിൽ പറത്തി ജില്ലയിൽ പ്രവർത്തിക്കുന്നത് 400 ഓളം ചെങ്കൽ പണകൾ. മാസപ്പടിയിൽ ഒത്താശ ചെയ്ത് അധികൃതരും. ജില്ലയുടെ മലയോര മേഖലയിലടക്കമാണ് ഇത്രയേറെ ചെങ്കൽ ക്വാറികൾ അനധികൃതമായി ഇപ്പോഴും പ്രവർത്തിക്കുന്നത്. ജില്ലയിൽ 32 ചെങ്കൽ ക്വാറികൾക്ക് മാത്രമാണ് അനുമതിയുള്ളതെന്നാണ് വിവരം. ഇതിലും അനധികൃതമായവയാണ് ഏറെയുമെന്ന് വ്യക്തമായിട്ടുണ്ട്.
ജിയോളജി റവന്യൂ ഒത്താശയിലാണ് അനധികൃത ചെങ്കൽ ഖനനം നടക്കുന്നത്. വൻ തുക മാസപ്പടി പറ്റുന്നതിനാലാണ് അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കാത്തത്. നിയമപ്രകാരം അനുമതി നൽകാനാവില്ലെന്നറിയുന്നതിനാൽ ഉദ്യോഗസ്ഥർ വൻ തുക വാങ്ങി കല്ല് കൊത്താൻ രഹസ്യ അനുമതി നൽകുകയാണ് ചെയ്യുന്നത്. മിക്ക പ്രദേശങ്ങളിലും ജനകീയ എതിർപ്പുകളും സമരങ്ങളും ഉണ്ടായാലും ചെങ്കൽ ഖനനം തടയാൻ അധികൃതർ തയാറാവാറുമില്ല. മാസം കൃത്യമായി പണം കൈപറ്റുന്ന ചിലരാണ് ഇത്തരക്കാർക്ക് ഒത്താശ ചെയ്യുന്നത്. നിയമം ലംഘിച്ച് ചെങ്കൽ കടത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ പൊലീസും അധികം തയാറാവാറില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുറിക്കുന്ന കല്ലുകൾ ഏറെയും മറ്റ് ജില്ലകളിലേക്ക് എത്തിച്ച് വലിയ തുകക്കാണ് വിൽക്കുന്നത്. ഇവിടെ ആവശ്യക്കാർക്ക് കല്ലുകൾ നൽകാത്ത സാഹചര്യവും നിലവിലുണ്ട്. ഇവിടെയുള്ളവർ കല്ലിന് ചോദിച്ചാൽ ക്ഷാമം പറയുന്നവർ മറ്റ് ജില്ലകളിലേക്ക് ദിനം പ്രതി വൻ തോതിൽ ഏജന്റുമാർ മുഖേന കടത്തുന്നുണ്ട്. സർക്കാർ മിച്ച ഭൂമിയും ക്ഷേത്ര ഭൂമികളും ഉൾപ്പെടെ കൈയേറിയുള്ള ഖനനവും വ്യാപകമാണ്.
ചിലയിടങ്ങളിൽ ഇതിനെതിരെ കേസും നടക്കുന്നുണ്ട്. അനധികൃത ഖനനം നടത്തുന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും മറ്റ് പരിസ്ഥിതി പ്രശ്നങ്ങളും രൂക്ഷമാണ്. അപൂർവ സസ്യങ്ങളുടെ നാശവും പൊടി ശല്യവും ശബ്ദ മലിനീകരണവും വ്യാപകമാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും ഒരിടത്തും നടപടി ഉണ്ടായിട്ടില്ല.
ആലപ്പടമ്പ വില്ലേജിൽ മാത്രം 22 പണകൾ പ്രവർത്തിക്കുന്നുണ്ട്. എരമം, പെരിന്തട്ട, പെരിങ്ങോം, ആലപ്പടമ്പ് വില്ലേജുകളിൽ മാസങ്ങളായി തുടരുന്ന ചെങ്കൽ ഖനനത്തെ തുടർന്ന് നൂറു കണക്കിന് ഹെക്ടർ പാറകളാണ് ഇല്ലാതായത്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും ചെങ്കൽ ഖനനം വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനു പുറമെ വലിയ മലകൾ തകർത്തുള്ള അനധികൃത കരിങ്കൽ ക്വാറികളും ഉൾഗ്രാമങ്ങളിൽ ജനജീവിതത്തിന് ഭീഷണിയായി പ്രവർത്തിക്കുന്നുണ്ട്. വൻ സ്ഫോടക ശേഖരവും ഉപയോഗവും വലിയ ഭീതി സൃഷ്ടിക്കുമ്പോഴും കരിങ്കൽ ക്വാറികൾക്കെതിരെയും നടപടിയോ പരിശോധനയോ ഉണ്ടാവുന്നില്ല. ഉപേക്ഷിച്ച ക്വാറികൾ മൂടാത്തതിൻ്റെ പ്രശ്നങ്ങൾ വേറെയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.