പ്രതീകാത്മക ചിത്രം 

മൊബൈൽ ഫോൺ മോഷണം; സീനിയർ സിവിൽ പൊലീസ് ഓഫിസർക്കെതിരെ കേസെടുത്തു

ചന്തേര: ഉടമയെ ഏൽപ്പിക്കാൻ പൊലീസ്‍ സ്റ്റേഷനിൽ സൂക്ഷിച്ച മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപന നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫിസർക്കെതിരെ കേസ്. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ നീർച്ചാൽ സ്വദേശി വൈ. ബൈജു (41) വിനെതിരെയാണ് കേസെടുത്തത്. എസ്.ഐ വിഷ്ണു എസ്. നായർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കഴിഞ്ഞ 12ന് പുലർച്ചെ രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു, പാറാവ് മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്ന റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോയെന്നാണ് കേസ്.

ഒക്ടോബർ എട്ടിന് ചന്തേര പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് റോഡിൽനിന്ന് റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോൺ കളഞ്ഞുകിട്ടി. ഇയാൾ ഫോൺ ചന്തേര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജുവാണ് ഫോൺ സ്വീകരിച്ചത്. ഫോൺ ലഭിച്ചതായി ജനറൽ ഡയറിയിലും പാറാവ് രേഖകളിലും രേഖപ്പെടുത്തി.

അന്വേഷിച്ചപ്പോൾ രാമന്തളിയിലെ വീട്ടമ്മയുടേതാണെന്ന് കണ്ടെത്തി. വിവരം വീട്ടമ്മയെ അറിയിച്ചു. സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് അവർ അറിയിച്ചു. എന്നാൽ വീട്ടമ്മ ഫോൺ വാങ്ങാനെത്തിയില്ല. ഒരാഴ്ചക്കുശേഷം വീട്ടമ്മയുടെ മകൻ സ്റ്റേഷനിലെത്തി ഫോൺ ആവശ്യപ്പെട്ടു. അപ്പോൾ ഫോൺ മേശയിൽ ഉണ്ടായിരുന്നില്ല. ഇക്കാര്യം പൊലീസ് വാട്സ്ആപ് കൂട്ടായ്മയിൽ അറിയിച്ചു. ഫോൺ നഷ്ടപ്പെട്ടെന്നറിഞ്ഞതോടെ എസ്.ഐ വിഷ്ണു എസ്. നായർ അന്വേഷണം ആരംഭിച്ചു.

ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ സൈബർസെൽ പരിശോധിച്ചപ്പോൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ടവർ ലൊക്കേഷനിൽ ബദിയഡുക്ക സ്റ്റേഷൻപരിധിയിലെ നീർച്ചാൽ സ്വദേശിയുടേതാണ് ഫോൺ എന്ന് കാണിച്ചു. തുടർന്ന് ഇയാളെ ചന്തേര സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കഴിഞ്ഞ 24ന് ഇയാൾ സ്റ്റേഷനിലെത്തി ഫോൺ പൊലീസിന് കൈമാറി. പരിചയമുള്ള ഒരു പൊലീസുകാരൻ വിറ്റതാണെന്ന് ഇയാൾ മൊഴിനൽകി. തുടർന്നാണ് ബൈജുവിലേക്ക് അന്വേഷണം നീണ്ടത്.

മോഷണംപോയദിവസം പാറാവ് ഡ്യൂട്ടിയിൽ ബൈജുവായിരുന്നു. 12ന് പുലർച്ചെ ബൈജു പാറാവ് മേശക്കരികിലെത്തി വലിപ്പിൽനിന്ന് മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. ഫോണിൽനിന്ന് സിം കാർഡ് ഊരി ചെറിയ കഷണങ്ങളാക്കി സ്റ്റേഷന്റെ പിറകുവശത്ത് ഉപേക്ഷിച്ചു. സിം കാർഡിന്റെ രണ്ട് കഷണങ്ങൾ അവിടെനിന്ന് ലഭിച്ചു. സംഭവത്തിൽ എസ്.ഐ വിഷ്ണു എസ്. നായർ അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് സമർപ്പിച്ചു. ബൈജുവിനെതിരെ കേസെടുത്തു.

Tags:    
News Summary - Police Officer Booked for Phone Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.