പ്രതീകാത്മക ചിത്രം
ദേശീയപാതയിൽ 21 ഓവുചാൽ പ്രവൃത്തികൾക്ക് അനുമതി
കണ്ണൂർ: ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ 21 ഓവുചാൽ പ്രവൃത്തികൾക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം. ഓവുചാൽ നിർമിക്കുന്നതിനായി കണ്ണൂർ കോർപറേഷൻ, മൂന്ന് നഗരസഭകൾ, ഏഴ് ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നായി 21 പ്രവൃത്തികൾക്കുള്ള പ്രൊപ്പോസലാണ് ലഭിച്ചതെന്നും എല്ലാം അംഗീകരിച്ചതായും ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. കലക്ടർ പി. വിഷ്ണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. ഓവുചാൽ നിർമാണവുമായി ബന്ധപ്പെട്ട് സംയുക്ത സ്ഥല പരിശോധന നടത്താനും തീരുമാനിച്ചു. കരിവള്ളൂർ, കുഞ്ഞിമംഗലം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. മാഹി ബൈപാസുമായി ബന്ധപ്പെട്ട ഓവുചാൽ നിർമാണ കാര്യങ്ങൾ ദേശീയപാത അതോറിറ്റി കോഴിക്കോട് പ്രോജക്ട് ഡയറക്ടറുമായി ബന്ധപ്പെടാനും യോഗത്തിൽ ധാരണയായി. കാന നിർമാണം സംബന്ധിച്ച് സംസ്ഥാന തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിന്റെ തുടർച്ചയായാണ് ജില്ലതല യോഗം ചേർന്നത്.
ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ദുരന്ത നിവാരണ വിഭാഗം, തദ്ദേശ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുടെ പ്രതിനിധികൾ സംയുക്തമായാണ് സ്ഥലപരിശോധന നടത്തുക. കലക്ടേററ്റിൽ നടന്ന യോഗത്തിൽ അസി. കലക്ടർ എസ്. സ്വാതി, സബ് കലക്ടർ രവികുമാർ മീണ, തളിപ്പറമ്പ് ആർ.ഡി.ഒ എൻ. മോഹനൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പ്രാൺ സിങ്, തദ്ദേശവകുപ്പ് ജോയൻറ് ഡയറക്ടർ പി.എം. ധനീഷ്, എൻ.എച്ച്.എ.ഐ ടീം ലീഡർ ജഗദീഷ് സൊണ്ടൂർ, ഡെപ്യൂട്ടി മാനേജർ യശാർത്ത്, വിശ്വസമുദ്ര കമ്പനി പ്രതിനിധി ശ്യാംലാൽ, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.