കണ്ണൂർ: റെയിൽവേ പാളത്തിൽ വീണ്ടും കരിങ്കൽ ചീളുകൾ. സംഭവത്തിൽ അഞ്ച് സ്കൂൾ വിദ്യാർഥികൾ പിടിയിൽ. ശനിയാഴ്ച ഉച്ചക്ക് 12.20ന് കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ പന്നേൻപാറക്കടുത്താണ് സംഭവം. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനിടെ പാളത്തിൽ ചെറിയ കരിങ്കൽ ചീളുകൾ കയറ്റിവെച്ചത് ശ്രദ്ധയിൽപെട്ട ലോക്കോപൈലറ്റ് കണ്ണൂർ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു. ഉടൻ ഇൻസ്പെക്ടർ കേശവദാസിന്റെ നിർദേശപ്രകാരം എ.എസ്.ഐ ഷിൽന ശ്രീരഞ്ജിന്റെ നേതൃത്വത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾ പിടിയിലായത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടികൾ തെറ്റ് സമ്മതിക്കുകയായിരുന്നു.
ഒമ്പത്, പത്ത്, പ്ലസ് വൺ ക്ലാസുകളിലെ കുട്ടികളാണ് പിടിയിലായത്. സമീപത്തെ മൈതാനത്തിൽ കളിക്കാനെത്തിയ കുട്ടികൾ കൗതുകത്തിന്റെ പേരിലാണ് കല്ല് വെച്ചതെന്ന് ആർ.പി.എഫിനോട് സമ്മതിച്ചു. ട്രെയിൻ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയെ തുടർന്ന് ചെയ്തതാണെന്നും വിദ്യാർഥികൾ പറഞ്ഞു. ട്രാക്കിൽ കല്ല് വെച്ച് കുട്ടികൾ മാറിനിൽക്കുകയായിരുന്നു.
അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് ആർ.പി.എഫ് സ്റ്റേഷനിലെത്തിച്ച് ഉദ്യോഗസ്ഥർ രക്ഷിതാക്കളെ വിളിച്ചുവരുത്തി സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് വിദ്യാർഥികളെ ബോധ്യപ്പെടുത്തി. കഴിഞ്ഞ മാസം കണ്ണപുരത്ത് ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച സംഭവത്തിൽ രണ്ടു വിദ്യാർഥികൾ പിടിയിലായിരുന്നു. പ്രായപൂർത്തിയാവാത്തവർ ഇത്തരം കുറ്റകൃത്യങ്ങൾ തുടരുന്ന സാഹചര്യത്തിൽ സംഭവത്തിൽ കേസെടുക്കാനാണ് ആർ.പി.എഫിന്റെ തീരുമാനം. പിടിയിലായവരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. വിദ്യാർഥികൾക്ക് കൗൺസലിങ് ഉൾപ്പെടെ നടത്താനുള്ള നടപടികൾ സ്വീകരിക്കും.
കുട്ടിക്കളിയല്ല; ദുരന്തം ക്ഷണിച്ചുവരുത്തൽ
കൗതുകത്തിന്റെ പേരിൽ കൗമാരക്കാർ ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നതും പാളത്തിൽ കല്ലുകൾ കയറ്റിവെക്കുന്നതുമായ സംഭവങ്ങൾ ഏറെയാണ്. സ്കൂൾ വിട്ടും കളി കഴിഞ്ഞും മടങ്ങുന്ന സംഘങ്ങൾ ട്രെയിനിന് നേരെ കല്ലെറിയുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു. കാര്യഗൗരവം മിക്കപ്പോഴും കുട്ടികൾ തിരിച്ചറിയുന്നില്ലെങ്കിലും വൻ ദുരന്തം വരെ ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയാണിത്. ട്രാക്കിനോട് ചേർന്ന കളിസ്ഥലങ്ങളിൽനിന്നും കല്ലേറുണ്ടാകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. അധ്യാപകരും രക്ഷിതാക്കളും ഇതു സംബന്ധിച്ച് കൃത്യമായ ബോധവത്കരണം നൽകണം.
പല സംഭവങ്ങളിലും രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുകയാണ് പതിവ്. കഴിഞ്ഞമാസവും വളപട്ടണം കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകും മുമ്പാണ് പാളത്തിൽ കല്ലുകൾ കണ്ടെത്തിയത്. സംഭവത്തിൽ കൗമാരക്കാരായ രണ്ടുപേരാണ് പിടിയിലായത്. രണ്ട് വർഷം മുമ്പ് തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ എളമ്പച്ചിയിൽ പാളത്തിന് മുകളിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിൽ ആറ് കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു.
കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി കുട്ടികളെ വിട്ടയക്കുകയാണ് പതിവ്. സംഭവങ്ങൾ ആവർത്തിക്കുമ്പോൾ കർശന നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ആർ.പി.എഫ്. കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവങ്ങളും നിരവധിയാണ്. കണ്ണൂരിനും പയ്യന്നൂരിനും ഇടയിൽ വന്ദേഭാരത് എക്സ്പ്രസിന് ഒട്ടേറെ തവണ കല്ലേറുണ്ടായിരുന്നു. 2022 സെപ്റ്റംബർ 11ന് മൂകാംബിക സന്ദർശനത്തിന് ശേഷം ട്രെയിനിൽ മടങ്ങവേ കോട്ടയം സ്വദേശിനിയായ കീർത്തന രാജേഷ് എന്ന വിദ്യാർഥിനിക്ക് എടക്കാടിന് സമീപം കല്ലേറിൽ പരിക്കേറ്റിരുന്നു. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപ്പർകോച്ചിൽ യാത്ര ചെയ്യവേയാണ് കല്ലേറുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.