കണ്ണൂർ: ഇത്തവണ കണ്ണൂരിൽ കനത്ത ചൂടിന് ആശ്വാസമായി ആവശ്യത്തിന് വേനൽമഴ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണിത്. മലയോരത്തടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ് ഇത്തവണ ഉണ്ടായത്. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30വരെ ജില്ലയിൽ ലഭിച്ചത് 121 ശതമാനം അധിക മഴയാണ്.
കണക്കുപ്രകാരം 63.9 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, 141 എം.എം മഴയാണ് പെയ്തത്. ഇരട്ടിയിലേറെ അധികമഴ. വേനൽ മഴ സീസൺ രണ്ട് മാസം കഴിഞ്ഞപ്പോൾ കുടിവെള്ളത്തിനെ അടക്കം കാര്യമായി ബാധിക്കാത്ത തരത്തിലാണ് മഴയുടെ പ്രകടനം.
കഴിഞ്ഞ ദിവസങ്ങളിൽ പുളിങ്ങോം, ആറളം, കൊട്ടിയൂർ, അയ്യങ്കുന്ന്, ചെമ്പേരി എന്നിവിടങ്ങളിൽ കൂടുതൽ മഴ ലഭിച്ചു. കാറ്റിലും മിന്നലിലും മലയോരത്തടക്കം കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കാർഷിക മേഖലയിൽ വൻ നഷ്ടമുണ്ടായി. ജലനിരപ്പ് താഴാത്തതിനാൽ സ്ഥിരം വരൾച്ചാപ്രദേശങ്ങളിൽ കാര്യമായ കുടിവെള്ള പ്രശ്നമുണ്ടായില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ പകൽ താപനിലയിലും ചെറിയ ആശ്വാസമുണ്ട്.
ഏപ്രിൽ അവസാനിക്കുമ്പോഴും ഇത്തവണ ഔദ്യോഗികമായി മാർച്ച് ഏപ്രിൽ മാസത്തിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപെടുത്തിയില്ല. ഇത്തവണ പസഫിക് സമുദ്രത്തിൽ വേനൽ തുടക്കത്തിലെ ‘ലാനിന’ സാഹചര്യവും തുടർന്നുള്ള ന്യൂട്രൽ സാഹചര്യവും വേനൽ മഴക്കുള്ള അനുകൂല ഘടകമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.