അയോധ്യയിലെ ചരിത്ര നായകന്മാരുടെ ചിത്രം ചൂണ്ടിക്കാണിക്കുന്ന സ്നേഹദയാൽ
കണ്ണൂർ: ഒരു കാലത്ത് തിളച്ചുമറിഞ്ഞ പേരാണ് അയോധ്യ. അതിനും മുന്നേ സോവിയേറ്റ് യൂനിയനില്‍ നിന്നിറങ്ങിയ സോവിയറ്റ് നാട് എന്ന പ്രസിദ്ധീകരണത്തില്‍ വന്നിരുന്ന ചിത്രങ്ങള്‍ മുറിച്ചെടുത്ത് ഫ്രെയിം ചെയ്തുവെച്ച ഒരു അയോധ്യ കണ്ണൂരിൽ. തിളപ്പിച്ചാറിയ ചായക്കൊപ്പം തിളച്ചുമറിഞ്ഞ രാഷ്ട്രീയവും ചർച്ച ചെയ്ത കണ്ണൂർ തെക്കി ബസാറിലെ ചായക്കട.
ഹോട്ടലിന്റെ പുതുമുഖത്തിലേക്ക് അൽപം മാറിയെങ്കിലും പഴയ നേതാക്കളുടെ ചിത്രങ്ങൾ ഇപ്പോഴും അയോധ്യയുടെ ചുമരിലുണ്ട്. രാഷ്ട്രീയ ചർച്ചകളുടെ കടലിരമ്പവും ബാക്കി. പുതുതലമുറക്ക് അയോധ്യയുടെ ചരിത്രം അത്രയങ്ങറിയില്ല. പുറമെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിൽ നാട് തിളച്ചുമറിയുകയാണ്.
അടിമുടി രാഷ്ട്രീയം തുളുമ്പിയിരുന്ന അയോധ്യ ചായക്കട ഇപ്പോൾ ശാന്തമാണ്. ലെനിന്റെയും സ്റ്റാലിന്റെയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര സന്ദര്‍ഭങ്ങളുടെയും ചിത്രങ്ങൾ ചുമരിലിരുന്ന് പഴയ വിപ്ലവം പറയുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ ദേശീയ നേതാക്കളായ നെഹ്റു, അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവരുടെ ചിത്രങ്ങളും ചൂടേറ്റ് കഴിയുന്നുണ്ട്.
നവോത്ഥാന നായകന്‍മാരായ ശ്രീനാരായണഗുരുവും അരവിന്ദ മഹര്‍ഷിയും അയ്യൻകാളിയുമൊക്കെ ഇവിടെയുണ്ട്. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ജി, ഇ.എം.എസ്, അഴീക്കോടന്‍ രാഘവന്‍, ഇ.കെ. നായനാര്‍ തുടങ്ങിയവരുടെ ഫോട്ടോകളും നായനാര്‍ മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളുടെ ഫോട്ടോകളും ചുമരിലുണ്ട്. 1938ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും സഹോദരങ്ങളുമായ പൂച്ചാലി ശേഖരനും പൂച്ചാലി പുരുഷോത്തമനും തുടങ്ങിയതാണ് ഈ ചായക്കട.
പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ ക്രൂരമായി പൊലീസ് വേട്ടയാടിയ ആളാണ് പൂച്ചാലി ശേഖരന്‍. 1948ല്‍ സഖാവ് കൃഷ്ണപിള്ളയുമൊന്നിച്ച് സേലം ജയിലില്‍ കിടന്നിട്ടുണ്ട്. ക്ഷാമം കൊടുമ്പിരിക്കൊണ്ട കാലത്ത് 'സഖാവിന്റെ പീടിക'യെന്ന അയോധ്യ, ബീഡിക്കമ്പനികളിലും മില്ലുകളിലുമുള്ള തൊഴിലാളികൾക്കും കച്ചവട തൊഴിലാളികള്‍ക്കും അരവയര്‍ നിറക്കാനുള്ള ആശ്രയ കേന്ദ്രമായി.
അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍, പാട്യം ഗോപാലന്‍, പാട്യം രാജന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ സഖാവിന്റെ പീടികയില്‍ നിത്യ സന്ദര്‍ശകരായിരുന്നു. മറ്റ് നേതാക്കളും അയോധ്യയിലാണ് സംഗമിക്കാറ്. ഇടതു നേതാക്കളിൽ പലരും പണ്ട് ഒളിവിൽ കഴിഞ്ഞതും ഇതേ അയോധ്യയിൽ. 1995ലാണ് പൂച്ചാലി ശേഖരന്‍ വിടപറയുന്നത്. 2002ല്‍ പൂച്ചാലി പുരുഷോത്തമനും മരിച്ചു. ഇപ്പോള്‍ പൂച്ചാലി ശേഖരന്റെ മകന്‍ സ്നേഹദയാലാണ് കട നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.