കടമ്പൂർ സ്കൂളിലെ അധ്യാപക തസ്തിക നിർണയം: ഉത്തരവ് നടപ്പാക്കണമെന്ന് ഹൈകോടതി

കണ്ണൂർ: കടമ്പൂർ സ്കൂളിലെ അധ്യാപക തസ്തിക നിർണയം അംഗീകരിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഒരു മാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഹയർ സെക്കൻഡറി കണ്ണൂർ ഉപമേഖല മേധാവിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്.

അധ്യാപകർക്ക് സ്ഥിര നിയമനം നൽകണമെന്ന് മാർച്ച് 31ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് സ്കൂൾ മാനേജർ പി. മുരളീധരൻ ഹൈകോടതിയെ സമീപിച്ചത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 2015ൽ നിയമിതനായ മലയാളം അധ്യാപകന്‍റെ തസ്തികക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ 84 പേർക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിരവധി താൽക്കാലിക അധ്യാപകർക്കും നിയമനാംഗീകാരം ലഭിക്കേണ്ടതുണ്ട്. തസ്തികകൾക്ക് അംഗീകാരം ലഭിക്കാത്തതിനാൽ ഇവർക്കെല്ലാം മാനേജ്മെന്‍റ് തന്നെയാണ് ശമ്പളം നൽകിയിരുന്നത്.

ഇതിനുപുറമെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിതരായവർക്കുള്ള വേതനം സംബന്ധിച്ചും ഹയർ സെക്കൻഡറി കണ്ണൂർ ഉപമേഖല മേധാവി തീരുമാനം എടുത്തിരുന്നില്ല. സ്കൂളിൽ ആവശ്യത്തിന് അധ്യാപകരില്ലെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്ന് താൽക്കാലിക അധ്യാപകരെ നിയമിക്കണമെന്ന് ഹയർ സെക്കൻഡറി കണ്ണൂർ ഉപമേഖല ഓഫിസ് വീണ്ടും നിർദേശിച്ചിരുന്നു.

എന്നാൽ, ഇവർക്കുള്ള വേതനം നൽകേണ്ടത് ആർക്കാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. നിലവിൽതന്നെ ശമ്പളവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് മാനേജ്മെന്‍റ് ചെലവഴിക്കുന്നതെന്ന് മാനേജർ പി. മുരളീധരൻ പറഞ്ഞു. ഇനിയും ഭാരിച്ച തുക താങ്ങാനാവാത്ത സ്ഥിതിയായതിനാലാണ് താൽക്കാലിക അധ്യാപകരെ നിയമിക്കാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Determination of teacher post in Kadampur school-High court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.