തൃക്കരിപ്പൂര്‍: കോവിഡ് ലോക്ഡൗണിൽപെട്ട് രണ്ടു മാസത്തിലേറെയായി കടലിൽ പോകാൻ സാധിക്കാതിരുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രക്ഷുബ്ധമായ കടൽ സമ്മാനിക്കുന്നത് വറുതി. ഇവരുടെ ലോക്ഡൗൺ മൂന്നാം മാസത്തിലേക്ക് നീളുകയാണ്. കാലവർഷം എത്തിയതോടെ ചെറുവള്ളങ്ങളിൽ കടലിൽ പോകുന്നത് ജീവൻവെച്ചുള്ള കളിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ന്യൂനമർദവും ചുഴലിക്കാറ്റും ഭീതിവിതച്ച സാഹചര്യത്തിൽ കടലിലേക്ക് നോക്കി കണ്ണീർ വാർക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഇവരുടെ കുടിലുകളിൽ അടുപ്പ് പുകയാൻ ഇനിയും കാത്തിരിക്കണം. സൗജന്യ റേഷനും മറ്റും കിട്ടിയതുകൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നത്. കാലവർഷം തുടങ്ങിയതോടെ തിരമാലകൾ രൂക്ഷമായിട്ടുണ്ട്. ട്രോളിങ് നിരോധനംകൂടി വരുന്നതോടെ ഇവരെ സംബന്ധിച്ചിടത്തോളം ലോക്ഡൗൺ ജൂണിലും തുടരുകയാണ്.
തിരയിലേക്ക് വലവീശി മറ്റേയറ്റത്തെ കയര്‍ പിടിച്ച് ഒഴുക്കിനനുസരിച്ച് കരയിലൂടെ നീങ്ങുന്ന ആടുവല ഉപയോഗിച്ചാണ് ഇപ്പോൾ തീരദേശവാസികളുടെ ഉപജീവനം. രാവിലെ ആറിന് തുടങ്ങുന്ന ജോലി ഇരുട്ടുംവരെ നീളും. ആടുവലയുമായി കിലോമീറ്ററുകൾ നടന്നാണ് കറിവെക്കാൻ എന്തെങ്കിലും കിട്ടുക. കയറിൽ പിടിച്ച് ആടിനെ മേയ്ക്കുന്നതിെൻറ സമാനതയാണ് ആടുവല എന്ന പേരിനു പിന്നിൽ. കടലില്‍ പോകാനാകാത്ത വറുതിയുടെ നാളുകളില്‍ തീരദേശത്തുകാരുടെ അത്താണിയാണ് ഇൗ വലയുപയോഗിച്ചുള്ള മീന്‍പിടിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.