കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നതിന്റെ പാട്യം പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എൻ.വി. ഷിനിജ നിർവഹിക്കുന്നു
കണ്ണൂർ: അമീബിക് മസ്തിഷ്കജ്വരം വർധിക്കുന്ന സാഹചര്യത്തിൽ കിണറുകളിലെ ക്ലോറിനേഷന് തുടക്കമായി. സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് നടത്തുന്ന ‘ജലമാണ് ജീവൻ’ ജനകീയ തീവ്ര കർമപരിപാടിയുടെ ഭാഗമായാണ് കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന ആദ്യഘട്ട പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായത്.
മലിനമായ കുളങ്ങൾക്കും പുഴകൾക്കും പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും അമീബയുടെ സാന്നിധ്യമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിതകേരളം മിഷൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കാമ്പയിൻ തുടങ്ങിയത്.
ജില്ലയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും വാട്ടർ ടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഞായറാഴ്ചയും തുടരും. ഈ ദിവസങ്ങളിൽ പൂർത്തിയാകാത്ത ഇടങ്ങളിൽ മറ്റു ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തും. തോടുകൾ, കിണറുകൾ, മറ്റു ജലാശയങ്ങൾ എന്നിവ ശുചീകരിക്കാനുള്ള വിപുലമായ ശ്രമങ്ങളും ജില്ലയിൽ ഏറ്റെടുക്കുന്നുണ്ട്. ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിങ് പൗഡർ/ ക്ലോറിൻ ഗുളികകൾ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ലഭ്യമാക്കുന്നത്.
കാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ എട്ടുമുതൽ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകൾ വഴിയുള്ള ബോധവത്കരണവും സംഘടിപ്പിക്കും. ഹയർസെക്കൻഡറി സ്കൂളുകളിലെ രസതന്ത്ര ലാബിനോടുചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധന സംവിധാനം ഉപയോഗിച്ച് വിപുലമായ ജല പരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
സെപ്റ്റംബർ 20 മുതൽ നവംബർ ഒന്നുവരെ ജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയിൽ മാലിന്യം എത്തുന്ന വഴികൾ അടക്കലും ഉൾപ്പെടെ പൊതു ജലസ്രോതസ്സുകളിലെ ജലശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും ജനകീയ സഹകരണത്തോടെ സംഘടിപ്പിക്കും. ആശാ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ജനകീയ കർമ പരിപാടിയായാണ് ജലമാണ് ജീവൻ കാമ്പയിൻ നടപ്പാക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ എന്നിവ ഏകോപിപ്പിച്ചാണ് കർമപരിപാടി സംഘടിപ്പിക്കുന്നത്. കൂത്തുപറമ്പ്: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജലമാണ് ജീവൻ കാമ്പയിനിന്റെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഹരിത കേരള മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും.
പാട്യം ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശോഭ കോമത്ത് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ഇ.സി. പ്രസീത കുമാരി, ഡോ. സുജ രാജേഷ്, കെ. ഷിമ്ന, എ.കെ. രമ്യ, ടി. സുമതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.