കണ്ണൂര്‍: വളപട്ടണം പൊലീസിനു നേരെ വെടിവെപ്പുണ്ടായതിനിടെ രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി ചിറക്കൽ ചിറക്ക് സമീപം വില്ല ലേക് റിട്രീറ്റിൽ റോഷൻ എവിടെയാണെന്ന് സൂചനയില്ല. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അഭിഭാഷകനായ റോഷന് എറണാകുളത്ത് പ്രാക്ടീസ് ചെയ്തിരുന്നു. ഇയാൾക്ക് കേരളത്തിന് അകത്തും പുറത്തും ബന്ധങ്ങളുണ്ട്. പ്രതി സംസ്ഥാനം വിടാനുള്ള സാധ്യതകളും പരിശോധിക്കും. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വെടിവെപ്പ് നടന്ന റോഷന്റെ വീട്ടിൽ അകത്തേക്ക് കടക്കാനും പുറത്തിറങ്ങാനും രണ്ടിൽ കൂടുതൽ വഴികളുണ്ട്. ഇതാണ് പ്രതി രക്ഷപ്പെടാനിടയാക്കിയത്.
ഒക്ടോബർ 22ന് ചിറക്കലിൽ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിൽ ഒളിവിലായ റോഷൻ വീട്ടിലുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി പത്തോടെ വളപട്ടണം പൊലീസെത്തിയത്. മുൻ വശത്തെ വാതിൽമുട്ടിയിട്ടും തുറക്കാത്തതോടെ പിൻവാതിലിൽ വഴി കയറാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ നിധിനും സംഘത്തിനും നേരെ റോഷന്റെ പിതാവ് ഡോ. ബാബു തോമസ് മുകളിലത്തെ നിലയിൽനിന്ന് റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ വെടിവെക്കുകയായിരുന്നു.
ബാബു തോമസിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപെടുത്തൽ, ആയുധനിയമം ലംഘിക്കൽ എന്നീ വകുപ്പുകളിൽ കേസെടുത്ത ഇയാളെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഊട്ടി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഡോക്ടറായി ജോലി ചെയ്ത താമരശ്ശേരി സ്വദേശിയായ ഡോ. ബാബു തോമസും കുടുംബവും കണ്ണൂരിലെത്തിയിട്ട് 15 വര്‍ഷത്തിലധികമായി. നാട്ടുകാരുമായി ഇവർക്ക് ബന്ധമില്ല. വധശ്രമക്കേസ്, മയക്കുമരുന്ന് കേസ് ഉള്‍പ്പെടെയുള്ള അഞ്ച് കേസുകളില്‍ റോഷന് പ്രതിയാണ്.
മയക്കുമരുന്ന് കേസില്‍ ഏഴുമാസം റിമാന്‍ഡില്‍ കഴിഞ്ഞശേഷം ഒക്ടോബര്‍ 20നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ വെടിവെപ്പുണ്ടായത് സേനയെ ഞെട്ടിച്ചിരുന്നു. എത്രയും വേഗം റോഷനെ പിടികൂടുകയെന്നതാണ് പൊലീസിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.