രാജീവ് ഗാന്ധി റോഡിൽ ഗോപാൽ സ്ട്രീറ്റിൽ മാലിന്യം തള്ളിയ സംഭവത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത സ്കൂട്ടർ
കണ്ണൂർ: മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി. ശനിയാഴ്ച രാത്രി എട്ടോടെ രാജീവ് ഗാന്ധി റോഡിൽ ഗോപാൽ സ്ട്രീറ്റിൽ മാലിന്യം തള്ളിയവരെയാണ് കോർപറേഷൻ നൈറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.ആർ. സന്തോഷ് കുമാർ, ഇ.എസ്. ഷഫീർ അലി തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോൾ കണ്ണൂർ വൈഡൂര്യ ടൂറിസ്റ്റ് ഹോമിലെ പാമ്പേഴ്സ് ഉൾപ്പെടെ ഉള്ള മാലിന്യമാണ് പ്ലാസ്റ്റിക് കവറിൽ കെട്ടി റോഡിൽ കൊണ്ട് തള്ളിയതെന്ന് സമ്മതിച്ചു. ഇതേ തുടർന്ന് മാലിന്യം ടൂറിസ്റ്റ് ഹോമിലേക്ക് തിരിച്ചെടുപ്പിക്കുകയും ടൂറിസ്റ്റ് ജീവനക്കാരനായ തലശ്ശേരി ഉമ്മൻഞ്ചിറയിലെ എ.കെ. ജലീൽ (54), തൃശ്ശൂർ അഞ്ചേരി വളക്കാവിലെ ചേറൂർ വീട് പ്രസാദ് (50) എന്നിവർക്കെതിരെ കേസെടുത്തു.
കെ.എൽ. 13 എൽ 7991 സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ തന്നെ രാത്രി ഒമ്പതിന് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ഹോട്ടൽ ഭക്ഷണം തള്ളിയതിന് ഇക്രൂസ് ബിരിയാണി ഹോട്ടലിലെ ജീവനക്കാരൻ സൈഫുൽ ഖാനെയും (20) പിടികൂടി കേസെടുത്തു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ നിന്ന് നിരോധിത പാൻ ഉൽപന്നങ്ങളും കോർപറേഷൻ ആരോഗ്യവിഭാഗം പിടികൂടി. നിരോധിത പാൻപരാഗ്, ഹാൻസ്, കൂൾ തുടങ്ങിയവയുടെ ശേഖരമാണ് പിടിച്ചെടുത്തത്. അന്തർ സംസ്ഥാന തൊഴിലാളികൾ സൂക്ഷിച്ചതാണെന്ന് ടൂറിസ്റ്റ് ഹോം ജീവനക്കാർ പറഞ്ഞതെങ്കിലും പരിശോധന സമയത്ത് അവരാരും ഇല്ലാത്തതിനാൽ റെയിൻബോ ടൂറിസ്റ്റ് ഹോം മാനേജർ ഷറഫുവിനെതിരെയും കേസെടുത്തു.
വരും ദിവസങ്ങളിലും പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവരെയും, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനും, നിരോധിത പുകയില ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കുന്ന സാധനങ്ങൾക്കെതിരെ കണ്ടെത്താനും ആരോഗ്യ വിഭാഗം റെയ്ഡ് തുടരുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.