ബോംബേറിൽ ബിജുവിന്റെ വീടിന്റെ ജനൽചില്ലുകൾ തകർന്ന നിലയിൽ
കണ്ണപുരം: ചെറുകുന്നില്‍ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബി.ജെ.പി കല്യാശ്ശേരി മണ്ഡലം ജന. സെക്രട്ടറി കെ. ബിജുവിന്റെ വീടിന് നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ച 2.30ഓടെ ബോംബേറുണ്ടായത്. വീടിന്റെ കോൺക്രീറ്റ് സ്ലാബ് തകരുകയും മുന്‍വശത്തെ ജനല്പാളികള്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. വാതിലിനും ചുവരിനും ഫര്‍ണിച്ചറിനും തകരാർ ഉണ്ടായിട്ടുണ്ട്.
ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സൂചന. സംഭവം നടക്കുമ്പോള്‍ ബിജുവും പിതാവ് നാരായണനും മാതാവ് മോഹിനിയുമാണ് വീട്ടിലുണ്ടായിരുന്നത്. മൂന്ന് ബോംബുകളാണ് എറിഞ്ഞത്. മൂന്നും പൊട്ടിയിരുന്നു. സ്ഫോടനശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങള്‍ വീട്ടുവരാന്തയില്‍ ചിതറിക്കിടപ്പുണ്ട്.
കണ്ണപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍നിന്ന് ബോംബ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരുകയാണ്. സി.പി.എമ്മുകാരാണ് ബോംബേറിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.
ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ്കുമാര്‍, സെക്രട്ടറി അര്ജുന് മാവിലാക്കണ്ടി, മണ്ഡലം പ്രസിഡന്റ് പ്രകാശന് കീച്ചേരി, മണ്ഡലം സെക്രട്ടറി വിനോദ് അണ്ണാമലൈ, ജില്ല കമ്മിറ്റിയംഗം റജീബ് കല്യാശ്ശേരി തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബോംബേറില്‍ പ്രതിഷേധിച്ച് കണ്ണപുരം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് ടൗണിലേക്ക് ബി.ജെ.പി പ്രകടനം നടത്തി.
കഴിഞ്ഞ ദിവസം ചെറുകുന്നില്‍ ഫ്ലക്സ്ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങളും കൈയാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബോംബേറെന്നാണ് സൂചന.
ഭീഷണി പ്രസംഗവുമായി ബി.ജെ.പി നേതാവ്
ബോംബേറിൽ പ്രതിഷേധിച്ച് നോർത്ത് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കണ്ണപുരം ടൗണിൽ നടത്തിയ പ്രകടനത്തിൽ ഭീഷണി പ്രസംഗവുമായി ബി.ജെ.പി നേതാവ്. നോർത്ത് ജില്ല സെക്രട്ടറി അർജുൻ മാവിലാക്കണ്ടിയാണ് സി.പി.എം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത്.
സി.പി.എം നേതാക്കളുടെ വീടുകൾ എവിടെയാണെന്ന് അറിയാമെന്നും ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്നും ഭീഷണി മുഴക്കി. നേതാക്കളുടെ മക്കൾ പഠിക്കുന്നത് എവിടെയാണെന്ന് അറിയാം. നേതാക്കളുടെ കണ്ണിൽനിന്നല്ല നെഞ്ചിൽനിന്ന് കണ്ണീർ വീഴ്ത്താൻ അറിയാം.
പൊലീസിന്റെ ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ നിയമം കൈയിലെടുത്ത് നടപ്പാക്കാൻ ബി.ജെ.പിയുടെ കോടതിയുണ്ടാകുമെന്നും ഭീഷണിപ്രസംഗത്തിൽ അർജുൻ മാവിലാക്കണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.