ഇസ്മയിൽ
കൂത്തുപറമ്പ്: വെള്ളിത്തിരയിൽ തിളങ്ങിയെങ്കിലും ജീവിതത്തിൽ ദുരന്ത കഥാപാത്രമായി മാറാനായിരുന്നു ഇന്നലെ വാഹനാപകടത്തിൽ മരിച്ച കണ്ണവത്തെ ഇസ്മയിലിന്റെ വിധി. കാഴ്ചയിൽ ചെറിയവനെങ്കിലും വലിയ മനസ്സിനുടമയായിരുന്നു കാറപകടത്തിൽ മരിച്ച രണ്ടു പേരിൽ ഒരാളായ ഇസ്മയിൽ. സ്വന്തമായി കിടപ്പാടമില്ലെന്നുള്ളതായിരുന്നു നാലടിയിൽ താഴെ മാത്രം പൊക്കമുള്ള ഇസ്മയിലിനെ അസ്വസ്ഥനാക്കിയിരുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് ഇറങ്ങിയ വിനയന്റെ ഹിറ്റ് ചിത്രമായ അത്ഭുത ദ്വീപ് കണ്ടിട്ടുള്ളവർ ഓർക്കുന്ന മുഖങ്ങളിലൊന്നാണ് കണ്ണവത്തെ ഇസ്മയിലിന്റേത്. മുൻനിര താരങ്ങളായ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, ഗിന്നസ് പക്രു എന്നിവർക്കൊപ്പം അഭിനയിക്കാനായതിന്റെ അനുഭവം ഒരിക്കലും ഇസ്മയിലിന്റെ മനസ്സിൽ നിന്നും വിട്ടുമാറിയിട്ടില്ല. പിന്നീട് മറ്റുചില സിനിമകളിൽ നിന്നും ഓഫർ വന്നെങ്കിലും സാഹചര്യം മോശമായതിനാൽ നിരസിക്കുകയായിരുന്നു. നാട്ടിൽ സിനിമ താരമെന്ന പരിവേഷമുണ്ടെങ്കിലും അത്ര ശുഭകരമായിരുന്നില്ല ഇസ്മയിലിന്റെ ജീവിതം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത 55 കാരൻ വാടക വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. ചെറിയൊരു വീട് സ്വന്തമാക്കുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഇസ്മയിൽ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. എന്നാൽ ശരീരത്തിന്റെ പൊക്കക്കുറവ് കാരണം കാര്യമായ ജോലികളൊന്നുംതന്നെ ചെയ്യാൻ ഇസ്മയിലിന് സാധിക്കുന്നില്ല. ലോട്ടറി ടിക്കറ്റ് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.