നടുവിൽ പോളിടെക്നിക് കോളജ് കെട്ടിടം

നടുവില്‍ പോളിടെക്നിക് കോളജിന് എ.ഐ.സി.ടി.ഇ അംഗീകാരം

ശ്രീകണ്ഠപുരം: കാത്തിരിപ്പിനൊടുവിൽ കുടിയേറ്റ മണ്ണിലെ പോളിടെക്നിക്കിന് അംഗീകാരം. നടുവില്‍ പോളിടെക്നിക് കോളജിനാണ് വർഷങ്ങൾക്കുശേഷം എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചത്. ഇതോടെ ഈ വർഷം തന്നെ കോഴ്സുകൾ തുടങ്ങാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

2015ലാണ് ഉമ്മൻ ചാണ്ടി സർക്കാർ ഇരിക്കൂർ മണ്ഡലത്തിലെ നടുവില്‍ പഞ്ചായത്തില്‍ പോളിടെക്നിക് കോളജ് ആരംഭിക്കാന്‍ തീരുമാനിച്ചത്. അതിവേഗത്തിൽ കെട്ടിടവും മറ്റും ഒരുക്കിയെങ്കിലും എ.ഐ.സി.ടി.ഇ അംഗീകാരം ലഭിക്കാത്തതിനാൽ പോളിടെക്നിക്കിൽ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. അംഗീകാരത്തിനായി രണ്ടുതവണ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. സജീവ് ജോസഫ് എം.എൽ.എ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിക്കുകയും പരിഹാരമുണ്ടാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മറുപടി നൽകുകയും ചെയ്തു.

ഓട്ടോമൊബൈല്‍ എൻജിനീയറിങ്, സിവില്‍ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കല്‍ എൻജിനീയറിങ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകള്‍ക്കാണ് നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. മലയോര മണ്ണിൽ ഒരു ടെക്നിക്കൽ കോളജ് എന്നത് വിദ്യാഭ്യാസ രംഗത്തെ കുതിപ്പായി മാറുമെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. അംഗീകാരത്തിനായി നടപടി സ്വീകരിച്ച മന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും എം.എൽ.എ പറഞ്ഞു.

Tags:    
News Summary - AICTE recognition for Naduvil Polytechnic College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.