കേരളസിംഹം വിടപറഞ്ഞ് 215 വര്‍ഷം; ഇന്ന് പഴശ്ശി ദിനം

മട്ടന്നൂര്‍: കേരളം ഇന്ന് പഴശ്ശിദിനം ആചരിക്കുന്നു. കേരളസിംഹം എന്നറിയപ്പെട്ട കേരളവര്‍മ പഴശ്ശിരാജ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 215 വര്‍ഷം പൂര്‍ത്തിയാകുന്നു. 1805 നവംബര്‍ 30ന് ശനിയാഴ്ച വയനാട് പുല്‍പള്ളി മാവിലാത്തോട്ടി​ൻെറ കരയിലായിരുന്നു അദ്ദേഹത്തി​ൻെറ അന്ത്യം. ത​ൻെറ ഇടതു കൈവിരലിലെ മോതിരത്തില്‍നിന്ന് വൈരക്കല്ല് പൊട്ടിച്ചുവിഴുങ്ങി വീരമൃത്യു വരിച്ചെന്നും കമ്പനിപ്പട്ടാളത്തി​ൻെറ വെടിയേറ്റ് മരിച്ചുവെന്നും​ ചരിത്ര വ്യാഖ്യാനമുണ്ട്​. ബ്രിട്ടീഷുകാര്‍ അനധികൃതമായി ഈടാക്കിയിരുന്ന നികുതി പിരിവ് നിരോധിച്ചുകൊണ്ട് 1795 ജൂണ്‍ 28ന് ഉത്തരവിറക്കിയതോടെയാണ്​ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി പഴശ്ശിരാജ മാറിയത്​. തുടര്‍ന്ന് നിരവധി തവണ രാജാവിനെ കുടുക്കാന്‍ കമ്പനിപ്പട്ടാളം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് 1796 ഏപ്രില്‍ 19ന് രാത്രി കേണല്‍ ആര്‍തര്‍ വെല്ലസ്​ലിയുടെ നേതൃത്വത്തില്‍ പഴശ്ശിക്കോട്ടയുടെ വാതില്‍ തകര്‍ത്ത് കമ്പനിപ്പട്ടാളം അകത്തുകടന്നെങ്കിലും രാജാവും സൈന്യവും കോട്ടക്കകത്തെ രഹസ്യ അറയിലൂടെ വയനാട്ടിലേക്ക് പലായനം ചെയ്തിരുന്നു. വയനാട് പുല്‍പള്ളിയില്‍ കുറുമര്‍, കുറിച്യര്‍, മുസ്​ലിംകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് പഴശ്ശിരാജാവ് ത​ൻെറ സൈന്യം വിപുലീകരിച്ചു. ഉണ്ണിമൂസ, തലയ്ക്കല്‍ ചന്തു എന്നിവരുടെ നേതൃത്വത്തില്‍ ആയോധന കലകളും ഒളിപ്പോര്‍ വിദ്യകളും സ്വായത്തമാക്കി. ഇവര്‍ക്കുപുറമെ കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, എടച്ചേന കുങ്കന്‍, കൈതേരി അമ്പു, കൈതേരി അമ്മു, കാര്‍വേരിയള്ളി കണ്ണന്‍, ഇട്ടിക്കോമ്പറ്റ കേളപ്പന്‍, യോഗിമല മച്ചാന്‍ എന്നിവരായിരുന്നു സൈന്യത്തിലെ പ്രധാനികള്‍. കേണല്‍ ആര്‍തര്‍ വെല്ലസ്​ലിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പഴശ്ശിരാജയെ പിടികൂടാന്‍ കേണല്‍ ഡോവ്, മേജര്‍ കാമറൂണ്‍ തുടങ്ങി നിരവധി പ്രഗത്ഭരെ കമ്പനിപ്പട്ടാളം നിയോഗിച്ചെങ്കിലും ഒളിപ്പോരാളികളുടെ ആക്രമണത്തില്‍ ഇവര്‍ പരാജയപ്പെടുകയായിരുന്നു. ഒമ്പത്​ വര്‍ഷം കമ്പനിപ്പട്ടാളം പരാജയമറിഞ്ഞതോടെ, തലശ്ശേരി സബ് കലക്ടറായി ചുമതലയേറ്റ തോമസ് ഹാർവേ ബാബര്‍ ഒരു ഉത്തരവിറക്കി. പഴശ്ശിരാജ, ബന്ധുക്കളും സഹായികളുമായ വീരവര്‍മ രാജ, രവിവര്‍മരാജ, പ്രധാന പടയാളികള്‍ എന്നിവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 8333 പഗോഡ വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഉത്തരവ്. പക്ഷേ, രാജാവിനെ ഒറ്റിക്കൊടുക്കാന്‍ പ്രജകള്‍ തയാറായില്ല. ബാബര്‍ ഒളിത്താവളം മനസ്സിലാക്കിയതോടെ പഴശ്ശിരാജയും ഏതാനും പേരും പുല്‍പള്ളിയില്‍ മാവിലാത്തോട്ടി​ൻെറ മറുകരയിലേക്ക് താൽക്കാലികമായി പാലം നിർമിച്ച് പലായനം ചെയ്തു. അക്കരെ കടന്നയുടന്‍ സംഘം പാലം തകര്‍ത്തു. 1805 നവംബര്‍ 29ന് ബാബറും സംഘവും മാവിലാത്തോട്ടി​ൻെറ കരയിലെത്തി പാലം നിർമിച്ച് അടുത്തദിവസം തോടി​ൻെറ മറുകരയെത്തി. ഇവര്‍ മാവിലാത്തോടി​ൻെറ മറുകരയിലെത്തിയപ്പോള്‍ കണ്ടത് പഴശ്ശിയുടെ ചേതനയറ്റ ശരീരമായിരുന്നുവെന്ന്​ പറയുന്നു. രാജാവി​ൻെറ രാജ്യസ്‌നേഹം മനസ്സിലാക്കിയ ബാബര്‍ രാജോചിത ബഹുമതികളോടെ ഭൗതിക ശരീരം മാനന്തവാടിയില്‍ സംസ്‌കരിച്ചു. രാജാവി​ൻെറ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ കഠാര ക്യാപ്റ്റന്‍ ക്ലഫാമിനു കൈമാറുകയും സ്വർണമാല ക്ലഫാമി​ൻെറ പത്‌നിക്ക് നല്‍കുകയും ചെയ്തു. പഴശ്ശിരാജാവിനോടുള്ള ബ്രിട്ടീഷുകാരുടെ ഒടുങ്ങാത്ത പക കാരണം പഴശ്ശിയിലുള്ള കൊട്ടാരം ഇടിച്ചുനിരപ്പാക്കി കമ്പനിപ്പട്ടാളം മട്ടന്നൂര്‍- തലശ്ശേരി റോഡ് പണിതു. കോട്ട തകര്‍ത്ത് റോഡ് നിർമിച്ചതോടെ, കൊട്ടാരത്തിനകത്തുണ്ടായിരുന്ന കിണര്‍ റോഡിന് ഇടതുഭാഗത്തും കുളം റോഡിന് വലതു ഭാഗത്തുമായി. കിണറില്‍നിന്ന് 1973ല്‍ പീരങ്കി, നാണയങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ ലഭിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഈ കിണര്‍ മൂടി. കുളത്തില്‍ മട്ടന്നൂര്‍ നഗരസഭ മ്യൂസിയം സ്ഥാപിച്ച് സംരക്ഷിച്ചുവരുന്നു. മാനന്തവാടിയില്‍ ഭൗതിക ശരീരം സംസ്‌കരിച്ച സ്ഥലം സംസ്​ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കുന്നുണ്ട്. മാനന്തവാടി, കോഴിക്കോട്, മട്ടന്നൂര്‍, മുഴക്കുന്ന് എന്നിവിടങ്ങളില്‍ പഴശ്ശി ദിനത്തോടനുബന്ധിച്ച് ഇന്ന് വൈവിധ്യമാര്‍ന്ന ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.