അതിർത്തി വനമേഖലയിൽ തൂക്കുവേലി നിർമാണത്തിന് തുടക്കം

ശ്രീകണ്ഠപുരം: കാട്ടാനയെ തുരത്താൻ കർണാടക അതിർത്തിയിൽ സൗരോർജ വേലിയൊരുക്കി പയ്യാവൂർ പഞ്ചായത്ത്. പഞ്ചായത്തിലെ സൗരോർജ തൂക്കുവേലിയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാഘവൻ, ഡി.എഫ്.ഒ പി.കാർത്തിക്, തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി. രതീശൻ, ഫാ. ജോസഫ് ചാത്തനാട്ട്, ടി.എം.ജോഷി, പഞ്ചായത്ത് സെക്രട്ടറി ടി.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കിലോമീറ്റർ ഭാഗത്താണ് 55 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ നിർമിക്കുന്നത്. ജില്ല പഞ്ചായത്തും പയ്യാവൂർ ഗ്രാമപഞ്ചായത്തും 25 ലക്ഷം രൂപ വീതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് ഫണ്ട് അനുവദിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.