മട്ടന്നൂർ പൊലീസ് സ്റ്റേഷൻ ബൈപാസ് യാഥാർഥ്യത്തിലേക്ക്

മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷന് സമീപത്തുകൂടിയുള്ള ബൈപാസ് റോഡ് നിർമാണത്തിന് വഴിയൊരുങ്ങുന്നു. റോഡ് ഉടൻ യാഥാർഥ്യമാക്കുമെന്ന നഗരസഭ ബജറ്റിലെ പ്രഖ്യാപനമാണ് പ്രതീക്ഷ പകരുന്നത്. 10 ലക്ഷം രൂപയാണ് ബജറ്റിൽ റോഡിനായി വകയിരുത്തിയത്. റോഡിന് സർക്കാർ സ്ഥലം അനുവദിച്ചിട്ടുണ്ട്. പൊലീസ് ക്വാർട്ടേഴ്സിന്റെ ഭാഗത്ത് മതിൽ നിർമിക്കുന്നതിന് ടെൻഡർ നൽകിയിട്ടുണ്ട്. കണ്ണൂര്‍ റോഡില്‍നിന്നും പൊലീസ് ക്വാര്‍ട്ടേഴ്‌സ് വഴി ഗവ. ആശുപത്രിക്ക് സമീപത്തുകൂടി തലശ്ശേരി റോഡിൽ എത്തിച്ചേരുന്ന രീതിയിൽ ബൈപാസ് നിർമിക്കാനാണ് നഗരസഭ പദ്ധതി തയാറാക്കായിരുന്നത്. എന്നാൽ, പൊലീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകുന്നതിൽ ആഭ്യന്തര വകുപ്പിൽ നിന്ന് അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭയുടെ നേതൃത്വത്തിൽ ഡി.ജി.പിക്ക് അപേക്ഷ നൽകിയിരുന്നു. നാലുമീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. മതിൽ നിർമാണത്തിനും റോഡ് പണിയുന്നതിനുമായാണ് തുക വകയിരുത്തിയിട്ടുള്ളത്. റോഡ് നിർമിക്കുന്നതിന്റെ ഭാഗമായി മുമ്പ് കെ.കെ. ശൈലജ എം.എൽ.എ, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. ബൈപാസ് റോഡ് വന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുതന്നെ പൊലീസിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലം ലഭ്യമാക്കി റോഡ് വികസിപ്പിക്കാൻ നഗരസഭ ശ്രമം തുടങ്ങിയിരുന്നു. തുടര്‍ന്ന് 2017ല്‍ ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ഏഴുമീറ്റര്‍ വീതിയില്‍ റോഡ് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസിന്റെ സ്ഥലം വിട്ടുകിട്ടുന്നതിലുള്ള തടസ്സമാണ് വിലങ്ങുതടിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.