അനാഥശാലകളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധം

തലശ്ശേരി: അധ്യയനവർഷം ആരംഭിക്കാനിരിക്കെ അനാഥാലയ വിദ്യാർഥികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധം. പ്രവേശനം, ഗ്രാന്റ് അനുവദിക്കൽ, അംഗീകാരം പുതുക്കൽ തുടങ്ങിയ വിഷയങ്ങളിൽ സാമൂഹികനീതി വകുപ്പ് ശിശുക്ഷേമ വകുപ്പ് നിഷേധാത്മക നയമാണ് സ്വീകരിക്കുന്നതെന്ന് മുസ്‍ലിം ഓർഫനേജ് ജില്ലതല കൂട്ടായ്മ അഭിപ്രായപ്പെട്ടു. ബാലനീതിനിയമം സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ അവകാശങ്ങൾ നിഷേധിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കോവിഡ് മൂലം സാമ്പത്തികപ്രതിസന്ധി നേരിടുന്ന അനാഥാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഗ്രാന്റ് പോലും സർക്കാർ നിഷേധിക്കുകയാണ്. ഓർഫനേജ് കൺട്രോൾ ബോർഡിനെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ എടുക്കുന്ന സർക്കാർനിലപാട് ന്യായീകരിക്കാനാവാത്തതാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലതല സമ്പൂർണ കൗൺസിൽ യോഗം മേയ് അവസാന വാരം ചേരാൻ തീരുമാനിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡന്റ് ടി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ, സി.എച്ച്. മൊയ്തുഹാജി, കെ. സലാം ഹാജി, ഷമീമ ഇസ്‍ലാഹിയ, കെ.എൻ. മുസ്തഫ, കെ.കെ. അഹമ്മദ് ഹാജി, പി.പി. സലാം, കെ.എൻ. അബ്ദുൽ സത്താർ, മാതമംഗലം മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.