പെരിങ്ങത്തൂർ : പാനൂർ നഗരസഭയിലെ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം നിർമാണം പൂർത്തിയായെങ്കിലും പ്രവർത്തന സജ്ജമാക്കാൻ വൈകുന്നതായി പരാതി. അണിയാരം കൂലോത്ത് പറമ്പിലാണ് പുതിയ കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയായത്. ഇനി മുറികളിൽ ആവശ്യമായ സജീകരണങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്. ഇരിപ്പിടങ്ങൾ, ഫർണിച്ചറുകൾ എന്നിവയും ഒരുക്കണം.
പുതിയ കെട്ടിടത്തിലേക്കുള്ള വഴി ശാസ്ത്രീയമായി പുനക്രമീകരിക്കുകയും മുറ്റവും പരിസരവും കട്ടകൾ പതിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരത്തിലുള്ള ചെറിയ പ്രവൃത്തികൾ മാത്രമേ ബാക്കിയുള്ളൂ. നിലവിൽ ഒരു പ്രവർത്തിയും നടക്കുന്നില്ല. ഇവിടെ തന്നെ നിലവിലുള്ള കെട്ടിടത്തിലാണ് പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്.
മുൻആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ സംസ്ഥാന സർക്കാറിൻ്റെ ''ഗ്രീൻ ബുക്ക് ഫണ്ടിംഗ്'' വഴി 50 ലക്ഷം രൂപ ലഭ്യമാക്കിയത്. 2021 സെപ്തംമ്പറിലാണ് കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം കെ.മുരളീധരൻ എം.പി. നിർവ്വഹിച്ചത്. തുടർന്ന് കെ.പി. മോഹനൻ എം.എൽ.എ നിയമസഭയിലുൾപ്പെടെ ഈ ആരോഗ്യ കേന്ദ്രത്തിൻ്റെ നിർമ്മാണം വേഗത്തിലാക്കാൻ ഇടപെട്ടു.
നിർമാണം വേഗത്തിലാക്കുമെന്ന് അന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ മറുപടി നൽകി. 2022-23 ൽ ലഭ്യമായ 63 ലക്ഷം രൂപ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന പ്രവൃത്തികൾ ത്വരിതഗതിയിൽ നടന്നു. ഇപ്പോൾ ഒരു നില കെട്ടിടമാണ് നിർമാണം പൂർത്തിയായത്. പെരിങ്ങളം പഞ്ചായത്തിലായിരുന്നു പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ ആരംഭം. അന്ന് സൗകര്യങ്ങൾ പരിമിതമായിരുന്നു. പിന്നീട് അണിയാരം കൂലോത്ത് പറമ്പിൽ ഇന്ന് കാണുന്ന സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
പെരിങ്ങളം പാനൂർ നഗരസഭയുടെ ഭാഗമായതോടെ കൂടുതൽ സൗകര്യങ്ങളും ജീവനക്കാരും വന്നു. തുടർന്ന് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ഡോക്ടർമാരുടെ എണ്ണവും വർധിച്ചു. ഇപ്പോൾ എല്ലാ ദിവസവും നൂറിലധികം രോഗികൾ എത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള വാക്സിനേഷൻ, സാന്ത്വന പരിചരണം, ഫീൽഡ് വിസിറ്റുകൾ, ക്ലാസുകൾ, തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ നിലവിൽ നല്ല രീതിയിൽ നടന്നുവരുന്നുണ്ട്.
ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം ഒരു കുടുബാരോഗ്യ കേന്ദ്രത്തിൻ്റെ മുഴുവൻ സംവിധാനങ്ങളും ഉൾക്കൊള്ളാൻ പാകത്തിലുള്ളതല്ല. പുതിയ കെട്ടിടം പ്രവർത്തനക്ഷമമാവുന്നതോടെ ലാബ് സൗകര്യങ്ങൾ ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളാണുണ്ടാവുക. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറിയാലും പഴയ കെട്ടിടത്തിൽ ഓഫീസ് വിഭാഗം പ്രവർത്തിക്കും. കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് ഇനിയും വൈകരുതെന്നാണ് രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.