പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ശുചിമുറികൾ അടച്ചുപൂട്ടിയ നിലയിൽ
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം ആധുനിക സൗകര്യങ്ങളോടെ പുതുതായി നിർമിക്കാനുള്ള പദ്ധതി നബാർഡ് ഫണ്ട് വൈകുന്നതിനെ തുടർന്ന് നീളുന്നു.
പുതിയ ആശുപത്രി കെട്ടിട നിർമാണത്തിനായി 25 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസലിന് മറുപടിയായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) വിശദീകരണം ആവശ്യപ്പെട്ടതായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ അറിയിച്ചു.
നബാർഡിന്റെ ചോദ്യാവലികൾക്ക് ആവശ്യമായ വിശദീകരണങ്ങൾ ഇതിനകം തന്നെ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ നിർമാണം നീളും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രവർത്തികൾ തുടരാൻ സാധ്യതയുള്ളുവെന്നാണ് വിലയിരുത്തൽ.
സർക്കാരിന് സമർപ്പിച്ച പ്രൊപ്പോസൽ പ്രകാരം നിലവിലുള്ള കെട്ടിട സമുച്ചയങ്ങൾ പൂർണമായും പൊളിച്ചുനീക്കി, അതേ സ്ഥലത്ത് തന്നെ പുതിയ ആശുപത്രി കെട്ടിടം ഉയർത്താനാണ് തീരുമാനം. പാപ്പിനിശ്ശേരി പഞ്ചായത്തിനടുത്തും തളിപ്പറമ്പ്–കണ്ണൂർ ദേശീയപാതയോരത്തുമായി പ്രവർത്തിക്കുന്ന ആശുപത്രി ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന കേന്ദ്രമായതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന നിർദേശം ഉപേക്ഷിക്കുകയായിരുന്നു.
56 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് പുതുക്കിപ്പണിയാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിത്തറയിൽ വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പാപ്പിനിശ്ശേരി ആശുപത്രിയുടെ പ്രധാന കവാടത്തിൽ സ്ഥാപിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി യുടെ പരസ്യബോർഡ് രോഗികളിലും നാട്ടുകാരിലും ആശങ്ക സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു. പദ്ധതിയിൽ ചേരാനുള്ള നടപടിക്രമങ്ങളോ വിശദവിവരങ്ങളോ ആശുപത്രി ജീവനക്കാർക്കുപോലും വ്യക്തമല്ല. ഇത്തരത്തിൽ വ്യക്തതയില്ലാത്ത ബോർഡ് സ്ഥാപിച്ചതിലൂടെ ജനങ്ങളെ ആശങ്കയിലാക്കുകയാണ് അധികൃതരെന്ന ആക്ഷേപവും ശക്തമാണ്.
ദേശീയപാതക്കരികിലെ പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ശൗചാലയങ്ങൾ അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ട് ആറ് മാസം പിന്നിട്ടു. ഇതോടെ വിവിധ വിഭാഗങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ദുരിതമാണ് നേരിടേണ്ടിവരുന്നത്.
നിലവിൽ ശൗചാലയ സമുച്ചയത്തിലെ ഒറ്റ യൂണിറ്റ് മാത്രമാണ് പ്രവർത്തനക്ഷമം.കരാറുകാരന്റെ അനാസ്ഥയാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമെന്ന് ആരോപണമുണ്ട്. പ്രവർത്തികൾ വേഗത്തിലാക്കാൻ കരാറുകാരനെ വിളിച്ചുവരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.