റോഡ് കൈയേറി കച്ചവടം; വീണ്ടും പരിശോധന

തളിപ്പറമ്പ്: ആർ.ഡി.ഒയുടെയും അസി. കലക്ടറുടെയും നേതൃത്വത്തിൽ നഗരത്തിലെ റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. റവന്യൂ, പൊലീസ്, പൊതുമരാമത്ത്, നഗരസഭ, മോട്ടോർ വാഹന വകുപ്പ് എന്നിവ സംയുക്തമായാണ് മെയിൻ റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ കൈയേറ്റം നീക്കിയത്. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ, നഗരത്തിൽ അനധികൃത കച്ചവടത്തിനെതിരെയും പാർക്കിങ്ങിനെതിരെയും കുറച്ചുനാളുകളായി കർശന നടപടികൾ തുടർന്നുവരുകയാണ്. ഇതിന്റെ ഭാഗമായാണ് വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വീണ്ടും പരിശോധന നടന്നത്. റോഡിലേക്ക് ഇറക്കിവെച്ച സാധനങ്ങൾ നീക്കുകയും റോഡിലേക്ക് കയറ്റിയുള്ള നിർമിതികൾ പൊളിച്ചുനീക്കുകയും ചെയ്തു. നേരത്തെ വിവിധ സംഘടന നേതാക്കളുമായും വകുപ്പ് മേധാവികളുമായും ചർച്ച നടത്തിയിരുന്നു. തുടർന്ന് ദേശീയപാതയോരത്തെ ഉൾപ്പെടെ അനധികൃത കച്ചവടങ്ങളും പാർക്കിങ്ങും ഒഴിവാക്കിയിരുന്നു. തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി, അസി. കലക്ടർ മുഹമ്മദ് ഷെഫീഖ്, ആർ.ഡി.ഒ ഓഫിസ് സീനിയർ സൂപ്രണ്ട് സജീവൻ, തളിപ്പറമ്പ് തഹസിൽദാർ ഭാസ്കരൻ, ഗതാഗത വകുപ്പ്, പൊലീസ്, നഗരസഭ എച്ച്.ഐ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.