കണ്ണൂര്‍ വിമാനത്താവളം: അടിസ്ഥാന ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണം-ഡോ. വി. ശിവദാസന്‍ എം.പി

കണ്ണൂര്‍: വിമാനത്താവളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കണമെന്ന് ഡോ. വി. ശിവദാസന്‍ എം.പി. കണ്ണൂര്‍ വിമാനത്താവളം വന്നതോടെ ഉത്തരമലബാറില്‍ വലിയ വികസന സാധ്യതകളാണ് ഉയര്‍ന്നത്. എന്നാല്‍, അത് ഇല്ലാതാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. പോയന്റ് ഓഫ് കാള്‍ സ്റ്റാറ്റസ് ഇനിയും അനുവദിച്ചില്ല. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം ലഭിക്കേണ്ടതുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കണം എന്നത് മറ്റൊരു പ്രധാനപ്പെട്ട ആവശ്യമാണ്. ഈ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധ പതിയണമെന്നും എം.പി പറഞ്ഞു. വിദേശ വിമാനക്കമ്പനികള്‍ക്ക് സർവിസ് നടത്തുന്നതിനുള്ള അനുമതി നല്‍കാത്തതുള്‍പ്പെടെ വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയത്താണ് നിലവിലെ വിമാന സർവിസുകള്‍ തന്നെ നിര്‍ത്തലാക്കാൻ ശ്രമിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കണ്ണൂര്‍- ഷാര്‍ജ, എയര്‍ ഇന്ത്യയുടെ ദുബൈ, അബൂദബി ഫ്ലൈറ്റുകളാണ് ഈ മാസം 27 മുതല്‍ നിര്‍ത്തലാക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കണ്ണൂര്‍- ഷാര്‍ജ, എയര്‍ ഇന്ത്യയുടെ ദുബൈ, അബൂദബി വിമാനങ്ങൾ മാര്‍ച്ച് 27 മുതലുള്ള ഷെഡ്യൂളില്‍ ഇല്ല. ഉത്തര മലബാറിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവാന്‍ കഴിയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആവശ്യങ്ങള്‍ പ്രത്യേക പരാമര്‍ശമായി എം.പി സഭയില്‍ ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.