മനുഷ്യാവകാശ കമീഷൻ ഇടപെടൽ; കസ്റ്റഡിയിലുള്ള വാഹനങ്ങൾ മാറ്റും

കണ്ണൂർ: വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത് മയ്യിൽ മെയിൻ റോഡിന് ഇരുവശത്തുമായി പാർക്ക് ചെയ്ത വാഹനങ്ങൾ പൂർണമായി നീക്കും. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. മയ്യിൽ പ്രദേശത്ത് പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടുന്നത് കാൽനട തടസ്സപ്പെടുത്തുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമീഷൻ ഇടപെടൽ. അനധികൃതമായി മണൽ കടത്തിയതിന് പിടിച്ചെടുത്ത വാഹനങ്ങൾ മയ്യിൽ ടൗണിൽനിന്ന് പെട്രോൾ പമ്പ് ഭാഗത്തേക്ക് മാറ്റിയതായി പൊലീസ്, കമീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരി ആർ.ഡി.ഒയുടെ അധീനതയിലുള്ള വാഹനങ്ങളിൽ വലിയൊരു ഭാഗം ലേലത്തിൽ വിറ്റുപോയി. ബാക്കി വാഹനങ്ങൾ ഇ-ലേലം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. പൊലീസ് സ്റ്റേഷനുസമീപം സൂക്ഷിച്ചിരുന്ന 30 വാഹനങ്ങൾ ഖലാസികളെ ഉപയോഗിച്ച് ചക്കരക്കല്ല് ഡംപിങ് യാർഡിലേക്ക് നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. മയ്യിൽ സ്വദേശി കിരൺ നാരായണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.