റോഡ് റീടാറിങ് നടത്തിയില്ല; പ്രതിഷേധവുമായി നാട്ടുകാർ നഗരസഭ ഓഫിസിലേക്ക്

മാർച്ച് 15ന് പ്രവൃത്തി തുടങ്ങുമെന്ന് നഗരസഭ അധികൃതർ തളിപ്പറമ്പ്: അള്ളാംകുളം റോഡ് റീടാറിങ് നടത്താത്തതിനെതിരെ അള്ളാംകുളം ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മൂന്നുമാസം മുമ്പ് റീ ടാറിങ്ങിന് നഗരസഭ കൗൺസിൽ അനുമതി നൽകുകയും ഒരുമാസം മുമ്പ് ടെൻഡർ നടപടി പൂർത്തിയാക്കുകയും ചെയ്തിട്ടും ടാറിങ് പ്രവൃത്തി വൈകിപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. തളിപ്പറമ്പ് നഗരസഭയുടെ 11, 12, 13 വാർഡുകളായ പുഷ്പഗിരി, അള്ളാംകുളം, ഫാറൂക്ക് നഗർ എന്നിവിടങ്ങളിൽ കൂടി പോകുന്ന അള്ളാംകുളം റോഡ് റീടാറിങ്ങിന്, മൂന്ന് വാർഡുകളിലെ കൗൺസിലർമാർ ഒരുമിച്ച് നൽകിയ ആവശ്യം പരിഗണിച്ചായിരുന്നു മൂന്നുമാസം മുമ്പ് കൗൺസിൽ യോഗം അനുമതി നൽകിയത്. മൂന്നുവാർഡുകൾക്കും അനുവദിച്ച വാർഡ് വികസന ഫണ്ടിൽനിന്നും കൗൺസിലർമാരുടെ ആവശ്യപ്രകാരം അനുവദിച്ച 12 ലക്ഷം രൂപയും നഗരസഭയുടെ ഏഴ് ലക്ഷവും ചേർത്ത് 19 ലക്ഷമാണ് റീടാറിങ്ങിന് അനുവദിച്ചത്. അള്ളാംകുളം റോഡിനെ പാടേ അവഗണിച്ച് ടെൻഡർ അനുമതിപോലുമില്ലാതെ സർ സയ്യിദ് കോളജ് റോഡ് പ്രവൃത്തി തുടങ്ങിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. നഗരസഭ ഓഫിസിൽ പ്രതിഷേധവുമായെത്തിയ ജനകീയ സമരസമിതി പ്രവർത്തകരും നഗരസഭ എൻജിനീയറുമായി ഇതുസംബന്ധിച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് മാർച്ച് 15നുതന്നെ അള്ളാംകുളം റോഡിന്റെ റീ ടാറിങ് പ്രവൃത്തി തുടങ്ങുമെന്ന് നഗരസഭാധികൃതർ ഉറപ്പുനൽകുകയായിരുന്നു. ഉറപ്പ് പാലിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അള്ളാംകുളം ജനകീയ സമരസമിതി നേതൃത്വം അറിയിച്ചു. സമര സമിതി പ്രവർത്തകരായ സുബൈർ സൂപ്പർവിഷൻ, കെ. ഫിയാസ്, കെ. മുഹസിൻ, കെ. ഹാസിഫ്, സഫ്വാൻ മുസ്തഫ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.