മദ്യ-മയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവത്കരണം

തലശ്ശേരി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും മുക്തിശ്രീയും സംയുക്തമായി മദ്യ-മയക്കുമരുന്ന് വ്യാപനത്തിനെതിരെ മാർച്ച് ഒന്നുമുതൽ 30 വരെ തീവ്ര ബോധവത്കരണം സംഘടിപ്പിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ 30 ഗ്രാമങ്ങളിൽ ചർച്ചകൾ, സംവാദങ്ങൾ, യൂനിറ്റ് രൂപവത്കരണം, ശാഖ സന്ദർശനം, മേഖല സമ്മേളനം തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ പരിശീലനം തലശ്ശേരി സന്ദേശ് ഭവനിൽ നടത്തും. മാസാചരണത്തിന്റെ ആദ്യ ബോധവത്കരണം ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് തലശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് കെ.സി.ബി.സി സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30 ദിന കർമപദ്ധതിയുടെ മാർഗരേഖയും ചടങ്ങിൽ ആർച് ബിഷപ് പ്രകാശനം ചെയ്യും. ഉച്ച രണ്ടരക്ക് പാനൂർ കുന്നോത്തുപറമ്പ് ശ്രീനാരായണ കമ്യൂണിറ്റി ഹാളിൽ ബോധവത്കരണ സെമിനാർ ചേരും. ഫാ. ചാക്കോ കുടിപ്പറമ്പിൽ നേതൃത്വം നൽകും. മാർച്ച് 30ന് ചെമ്പന്തൊട്ടിയിൽ ചേരുന്ന മേഖല സമ്മേളനത്തോടെ ഒരുമാസം നീളുന്ന തീവ്ര ബോധവത്കരണത്തിന് സമാപനമാവും. സമാപന പൊതുസമ്മേളനം നിയുക്ത ആർച് ബിഷപ് മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി കേന്ദ്ര കമ്മിറ്റിയംഗം എം.എൽ. ജോയി, വളന്റിയർമാരായ ജിഗിൽ ബ്ലാത്തൂർ, സ്നേഹ തീക്കുനി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.