അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: ശ്രീകണ്ഠപുരം നഗരസഭ സംസ്ഥാനത്ത് മൂന്നാമത്

പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചാണ് നഗരസഭ നേട്ടം കൈവരിച്ചത് ശ്രീകണ്ഠപുരം: നഗരങ്ങളിലെ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ ശ്രീകണ്ഠപുരം നഗരസഭ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. താനൂർ, നെയ്യാറ്റിൻകര നഗരസഭകളാണ് ഒന്നും രണ്ടും സ്ഥാനം നേടിയത്. പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചാണ് നഗരസഭ നേട്ടം കൈവരിച്ചത്. ആകെ 51,500 തൊഴിൽ ദിനങ്ങളാണുണ്ടായത്. 2017 മുതലാണ് ശ്രീകണ്ഠപുരം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ആദ്യ വർഷങ്ങളിൽ വളരെ പരിമിതമായ തുകയാണ് ലഭിച്ചിരുന്നതെന്ന് ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. എന്നാൽ, ഈ വർഷം 1.5 കോടി രൂപ പദ്ധതിക്കായി ലഭിച്ചു. ഈ തുക പൂർണമായി വിനിയോഗിക്കുകയും ചെയ്തു. കാർഷിക മേഖലയിലെ പ്രവൃത്തികളോടൊപ്പം പരമ്പരാഗത ജലസ്രോതസ്സുകളുടെ പരിപാലനം, റോഡുകളുടെ സംരക്ഷണം, മഴവെള്ള സംഭരണം, ക്ഷീരമേഖലയിലെ പ്രവർത്തനം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടപ്പാക്കിയത്. പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട 436 പേരിൽ ഭൂരിഭാഗം പേർക്കും സഹായധനം നൽകാനും കഴിഞ്ഞു. ക്ഷീരകർഷകർക്ക് സഹായം നൽകുന്ന പദ്ധതിയും മികച്ച രീതിയിൽ നടപ്പാക്കി. രണ്ട് പശുവുള്ള പ്രതിദിനം 10 ലിറ്ററിലധികം പാൽ വിൽപന നടത്തുന്നവർക്ക് പ്രതിദിനം ഒരു തൊഴിൽ ദിനത്തിന്റെ കൂലി നൽകുന്ന രീതിയാണിത്. ക്ഷീരസംഘം സെക്രട്ടറിമാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ക്ഷീര കർഷകരിൽനിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിലവിൽ 125 പേർ പദ്ധതിയിൽ അംഗങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.