ആറളം ഫാം: വിരമിച്ച തൊഴിലാളികൾക്ക് ആനുകൂല്യം നൽകിയില്ലെന്ന്​ പരാതി

പേരാവൂർ: ആറളം ഫാമിൽനിന്ന് പിരിഞ്ഞ തൊഴിലാളികൾക്ക് രണ്ടുവർഷം പിന്നിട്ടിട്ടും ആനുകൂല്യം നൽകിയില്ലെന്ന് പരാതി. 2020 മുതൽ ആറളം ഫാമിൽനിന്ന് 60 തികഞ്ഞ് പിരിഞ്ഞ 44 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്. ഇവർക്ക് 2019 മുതലുള്ള ഡി.എ കുടിശ്ശികയും ഗ്രാറ്റുവിറ്റിയും നൽകാൻ മാനേജ്മെന്റ് ഇതുവരെ തയാറായില്ലെന്നും പരാതിയുണ്ട്. ആനുകൂല്യങ്ങൾക്കായി സമരത്തിനും തയാറെടുക്കുകയാണ് വിരമിച്ച തൊഴിലാളികൾ. ഇവർ മാനേജ്മെന്റിനെ സമീപിക്കുമ്പോഴെല്ലാം പണമില്ലെന്നുപറഞ്ഞ് മടക്കിയയക്കാറാണ് പതിവെന്ന്​ പറയുന്നു. ബുധനാഴ്ച രാവിലെ പതിനഞ്ചോളം തൊഴിലാളികൾ ഫാം ഓഫിസിലെത്തി പ്രതിഷേധിച്ചു. കിട്ടാനുള്ള ആനൂകൂല്യം പലിശസഹിതം കിട്ടണമെന്നും ആനുകൂല്യം ലഭിക്കുന്നതുവരെ പകുതി ശമ്പളം നൽകി ഫാമിൽ ജോലി നൽകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ​ഫെബ്രുവരി നാലിന്​ പരിഹാരം കണ്ടില്ലെങ്കിൽ അഞ്ചുമുതൽ ആനുകൂല്യം ലഭിക്കേണ്ട എല്ലാ തൊഴിലാളികളും മെയിൻ ഓഫിസിൽ പ്രത്യക്ഷ സമരത്തിനെത്തുമെന്ന്​ തൊഴിലാളികൾ പറഞ്ഞു. ജില്ല കലക്ടറുമായി പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ഫാം അധികൃതർ ആന്റണി ജേക്കബ്, കെ.ബി. ഉത്തമൻ എന്നിവരെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.